ന്യൂഡൽഹി : നയതന്ത്രജ്ഞനായ രാഷ്ട്രീയ നേതാവ്, എസ് ജയ്‌ശങ്കർ വിദേശകാര്യ മന്ത്രിയായി രണ്ടാം തവണയും ചുമതലയേറ്റു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ ചുമതല രണ്ടാം തവണയും തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചതിന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എക്‌സിലൂടെ നന്ദി പറഞ്ഞു. നിലവിൽ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ് ജയ്‌ശങ്കർ.
2019 മുതൽ തന്നെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എന്ന നിലയിൽ, ആഗോള പ്രശ്‌നങ്ങളെ സംബന്ധിച്ച ഇന്ത്യയുടെ നിലപാട് ശക്തമായി പറയാനും അതില്‍ ഉറച്ചുനില്‍ക്കാനുമുളള ആത്മധൈര്യം അദ്ദേഹം കാണിച്ചിരുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധ സമയത്ത് കുറഞ്ഞ വിലയില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്‌തതിനെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുയര്‍ന്ന വിമർശനങ്ങള്‍ നേരിട്ടത് മുതല്‍ ചൈനയെ നേരിടാൻ എടുത്ത ഉറച്ച നയങ്ങള്‍ വരെ ശ്രദ്ധ നേടിയിരുന്നു. കൂടാതെ, ഇന്ത്യയുടെ അധ്യക്ഷതയിൽ ആദ്യമായി ജി20 നടന്നതിലുള്ള അഭിനന്ദനങ്ങളും അദ്ദേഹത്തെ തേടിയെത്തി.
2015-18 കാലഘട്ടത്തില്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്നു ജയ്‌ശങ്കർ. 2013-15 ല്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായും 2009-2013 ല്‍ ചൈനയിലെ ഇന്ത്യന്‍ അംബാസഡറായും, 2000-2004 ല്‍ ചെക്ക് റിപ്പബ്ലിക്കിലെ ഇന്ത്യന്‍ അംബാസഡറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007 മുതല്‍ 2009 വരെ സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. മോസ്‌കോ, കൊളംബോ, ബുഡാപെസ്റ്റ്, ടോക്കിയോ എന്നിവിടങ്ങളിലെ എംബസികളിലും വിദേശകാര്യ മന്ത്രാലയത്തിലും പ്രവര്‍ത്തിച്ചു.
ജയ്‌ശങ്കറിനെ കൂടാതെ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്‌കരി, നിർമല സീതാരാമൻ തുടങ്ങിയ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും അവരുടെ വകുപ്പുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.
Also Read: മോദി മൂന്നാം വട്ടവും പ്രധാനമന്ത്രി; ഇവര്‍ മന്ത്രിമാര്‍