ജയ്‌പൂർ: കശ്‌മീരിൽ ഭീകരാക്രമണത്തിനിരയായ രാജസ്ഥാന്‍ ദമ്പതികളെ ഡൽഹി എയിംസിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കണമെന്ന് കുടുംബം. ഇന്നലെ (18.05.24) അനന്തനാഗിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ ഫർഹ, തബ്രേസ് എന്നിവരുടെ കുടുംബാഗങ്ങളാണ് ആവശ്യമുന്നയിച്ചത്. ദമ്പതികളെ എത്രയും പെട്ടെന്ന് വ്യോമമാർഗ്ഗം ഡൽഹിയിലെത്തിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു
പരിക്കേറ്റ ദമ്പതികളെ അനന്തനാഗ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാത്രി 3 മണിയോടെ തബ്രേസിന് ശസ്‌ത്രക്രിയ നടത്തി. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ് തബ്രേസ്.
രാജസ്ഥാനിലുള്ള ദമ്പതികളുടെ കുടുംബം അവരെയോർത്ത് ആശങ്കാകുലരാണ്. ഫർഹയെയും തബ്രേസിനെയും വിമാനമാർഗം ഡൽഹിയിലെത്തിച്ച് എയിംസിൽ ചികിത്സിക്കണമെന്ന് കുടുംബം അഭ്യർത്ഥിച്ചു.
"അവരെ എയർലിഫ്റ്റ് ചെയ്‌ത് ഡൽഹിയിലേക്ക് കൊണ്ടുവരാനും എയിംസിൽ പ്രവേശിപ്പിക്കാനും മുഖ്യമന്ത്രിയോടും കേന്ദ്ര സർക്കാരിനോടും ഞാൻ അഭ്യർത്ഥിക്കുന്നു, അങ്ങനെയുണ്ടായാൽ അവർക്ക് മികച്ച ചികിത്സ ലഭിക്കും." തബ്രേസിൻ്റെ ഇളയ സഹോദരൻ ആരിഫ് ഖാൻ ഇടിവി ഭാരതിനോട് പറഞ്ഞു.
തൻ്റെ മകനും മരുമകളും 50 ഓളം വിനോദസഞ്ചാരികളോടൊപ്പം കശ്‌മീരിലേക്ക് യാത്ര പോയതാണെന്ന് തബ്രെസിൻ്റെ പിതാവ് അസ്ലം ഖാൻ പറഞ്ഞു. "തബ്രെസ് ശനിയാഴ്‌ച വൈകുന്നേരം പഹൽഗാമിന് സമീപമുളള ഒരു റിസോർട്ടിൽ അത്താഴം കഴിക്കാൻ പോയപ്പോള്‍ ബൈക്കിലെത്തിയ രണ്ട് അക്രമികൾ അവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഫർഹയ്ക്കും തബ്രെസിനും പരിക്കേറ്റു. ഫർഹയുടെ നില തൃപ്‌തികരമാണ്, പക്ഷേ തബ്രെസിൻ്റെ നില ഗുരുതരമാണെന്ന് പറയപ്പെടുന്നു" അസ്ലം പറഞ്ഞു.
നാളെ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്നലെ രാത്രി കശ്‌മീരിലെ രണ്ടിടങ്ങളിലായി തീവ്രവാദി ആക്രമണമുണ്ടായത്. ഷോപ്പിയാനിൽ നടന്ന ആക്രമണത്തില്‍ ബിജെപിക്കാരനായ മുൻ സർപഞ്ച് കൊല്ലപ്പെട്ടിരുന്നു. ഐജാസ് അഹമ്മദ് ഷെയ്ഖാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
Also Read: പ്രായമായ ദലിത് ദമ്പതികളോട് ക്രൂരത: തൂണില്‍ കെട്ടിയിട്ട് മർദിച്ച ശേഷം ചെരുപ്പ് മാല അണിയിച്ചു; 10 പേർക്കെതിരെ കേസ്