ശ്രീനഗർ: ഇന്ത്യൻ എയർഫോഴ്സിന്റെ വിങ് കമാന്‍ഡറിൽ നിന്ന് രണ്ട് വർഷമായി ലൈംഗികാതിക്രമവും മാനസിക പീഡനവും അനുഭവിക്കുന്നുവെന്ന പരാതിയുമായി വനിത ഫ്ലൈയിങ് ഓഫിസർ. സംഭവത്തിൽ ജമ്മു കശ്‌മീരിലെ ബുദ്‌ഗാം പൊസീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. ലൈംഗികാതിക്രമം, മാനസിക പീഡനം, തുടർച്ചയായ വേട്ടയാടൽ തുടങ്ങിയ കുറ്റങ്ങളാണ് വിങ് കമാൻഡർക്കെതിരെ എഫ്ഐആറിൽ ചുമത്തിയിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 376 (2) (അധികാരത്തിലിരിക്കെ ബസാത്സംഗം ചെയ്യുക) പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. 2023 ഡിസംബർ 31ന് ഓഫിസർമാരുടെ മെസിൽ നടന്ന പുതുവത്സര ആഘോഷത്തിനിടെയാണ് ആക്രമണം നടന്നതെന്ന് പരാതിയിൽ പറയുന്നു.
2024 ജനുവരി ഒന്നിന് പുലർച്ചെ 2 മണിയോടെ വിങ് കമാൻഡർ സമ്മാനം നൽകാനെന്ന വ്യാജേന മുറിയിലേക്ക് ക്ഷണിച്ചു. അവിടെ വച്ച് ലൈംഗികമായി പീഡിപ്പിച്ചു. ചെറുക്കാന്‍ സാധ്യമായ എല്ലാ വഴികളിലൂടെയും ശ്രമിച്ചു. ഒടുവിൽ, അയാളെ തള്ളിയിടുകയും ഓടുകയായിരുന്നു. പീഡനത്തിന് ശേഷം ഓഫിസ് സന്ദർശിച്ച് ഒന്നും സംഭവിക്കാത്ത മട്ടില്‍ പെരുമാറിയെന്നും അയാളിൽ പശ്ചാത്താപത്തിന്റെ ഒരു ലക്ഷണവുമില്ലായിരുന്നുവെന്നും അവർ പറഞ്ഞു.
പരാതി നല്‍കാന്‍ വൈകിയത് തനിക്ക് ഭയമായതിനാലാണ്. ഇതിന് മുമ്പ് പരാതി നല്‍കാന്‍ ശ്രമിച്ച തന്നെ നിരുത്സാഹപ്പെടുത്തിയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. നിലവില്‍ രണ്ട് വനിത ഓഫിസർമാരുടെ സഹായത്തോടെയാണ് പരാതി നല്‍കിയത്. ഇതു നല്‍കുന്നതിന് കാര്യമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയും അന്വേഷണത്തെ ഇന്‍റേണൽ കമ്മിറ്റി തെറ്റായി കൈകാര്യം ചെയ്യുകയും ചെയ്‌തതായും അവർ കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സംഭവത്തിൽ ഒരു കേണലിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പിഴവുകളുണ്ടായെന്നും, മൊഴി രേഖപ്പെടുത്തുന്ന വേളയിൽ കുറ്റാരോപിതനായ വിങ് കമാൻഡർ ഹാജരായെന്നും ഇത് സാധാരണ നടപടിക്രമങ്ങളുടെ ലംഘനമാണെന്നും അവർ പറഞ്ഞു. ഭരണത്തിലെ പിഴവുകൾ മറയ്ക്കാൻ അന്വേഷണം പിന്നീട് അവസാനിപ്പിച്ചതായും ഫ്ലൈയിങ് ഓഫിസർ ആരോപിച്ചു.
അതേസമയം പലതവണ നിർബന്ധിച്ചിട്ടും ഉദ്യോഗസ്ഥനെ വൈദ്യപരിശോധന നടത്തിയില്ല. എല്ലാവരും ഉദ്യോഗസ്ഥനെ സഹായിക്കുകയായിരുന്നു എന്നും അവർ വ്യക്തമാക്കി. മാത്രമല്ല താൻ അവധി എടുക്കാൻ ശ്രമിച്ചപ്പോൾ അതും നിരസിക്കപ്പെട്ടുവെന്ന് അവർ കൂട്ടിച്ചേർത്തു.
ദൃക്‌സാക്ഷികളുടെ അഭാവം മൂലം മെയ് മാസത്തിൽ ആഭ്യന്തര കമ്മിറ്റി നടത്തിയ അന്വേഷണം അനിശ്ചിതത്വത്തിലായി. എന്നാൽ "സാക്ഷിയുടെ മുന്നിൽ വെച്ച് ആരും ലൈംഗികാതിക്രമം നടത്തില്ല" എന്ന് ഫ്ലൈയിങ് ഓഫിസർ പറഞ്ഞു.
മാത്രമല്ല തന്‍റെ സ്വകാര്യ ആശയവിനിമയങ്ങൾ അനൗദ്യോഗികമായി നിരന്തരം നിരീക്ഷിക്കപ്പെടുന്നുണ്ട്. താൻ സംസാരിക്കുന്ന വ്യക്തികളെ അധികാരികൾ ഉപദ്രവിക്കുന്നുണ്ടെന്നും പരാതിക്കാരി പറയുന്നു.
'ഞാൻ നിരന്തരമായ ഭയത്തിലാണ് ജീവിക്കുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിലാണ്. പീഡനം എന്നെ ആത്മഹത്യ ചിന്തകളിലേക്ക് നയിച്ചു. എനിക്ക് തീർത്തും നിസ്സഹായത തോന്നുന്നു. എനിക്ക് എന്‍റെ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്നില്ല. ഒപ്പം എന്‍റെ സാമൂഹിക ഇടപെടലുകൾ അധികാരികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു' – പരാതിക്കാരി പറഞ്ഞു.
ഫ്ലൈയിങ് ഓഫിസറുടെ പരാതിയിൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ ബുദ്‌ഗാം പൊലീസ് സ്‌റ്റേഷനിൽ നിന്നുള്ള ഒരു ഇൻസ്‌പെക്‌ടറെ നിയോഗിച്ചിട്ടുണ്ട്. പീഡന പരാതിയിൽ നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ പങ്കാളികളാക്കി, ഉടൻ നടപടിയെടുക്കാനും നീതി ഉറപ്പാക്കാനും ഫ്ലൈയിങ് ഓഫിസർ പൊലീസിനോട് അഭ്യർഥിച്ചു.