ന്യൂഡല്‍ഹി : തനിക്ക് അര്‍ബുദ രോഗം സ്ഥിരീകരിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ആദിത്യ എല്‍ 1 ദൗത്യ ദിനത്തിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ആമശയത്തിലാണ് അര്‍ബുദം ബാധിച്ചിരിക്കുന്നത്.
ചന്ദ്രയാന്‍ 3 ദൗത്യ സമയത്ത് തന്നെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നും അന്ന് ഇതിനെക്കുറിച്ച് മനസിലായില്ലെന്നും സോമനാഥ് പറഞ്ഞു. ആദിത്യ എല്‍ 1 ദൗത്യ ദിവസം വന്ന ടെസ്റ്റ് റിസള്‍ട്ട് തന്നെയും കുടുംബത്തെയും സഹപ്രവര്‍ത്തകരെയും ഒരു പോലെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
2023 സെപ്‌തംബർ 2-ന് ആണ് ഇന്ത്യയുടെ ആദ്യത്തെ സൗര പര്യവേഷണ ദൗത്യമായ ആദിത്യ എൽ1 പറന്നുയരുന്നത്.അന്നേ ദിവസം തന്നെയാണ് സ്‌കാനിങ്ങില്‍ ആമാശയത്തില്‍ അര്‍ബുദ വളര്‍ച്ച കണ്ടെത്തുന്നത്.തുടര്‍ സ്‌കാനുകൾക്കായി അദ്ദേഹം ചെന്നൈയിലെത്തുകയും ഇവിടെ വെച്ച് രോഗത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്‌തു.രോഗ നിര്‍ണയത്തിന് പിന്നാലെ ശസ്‌ത്രക്രിയയ്‌ക്കും കീമോതെറാപ്പിക്കും അദ്ദേഹത്തിനെ വിധേയനാക്കി.
ആദ്യം ഞെട്ടലുണ്ടാക്കിയെങ്കിലും ഇപ്പോൾ ചികിത്സയുമായി മുന്നോട്ട് പോവുകയാണ്. നാല് ദിവസത്തെ ചികിത്സക്ക് ശേഷം അഞ്ചാം ദിവസം മുതൽ തന്‍റെ ജോലി തുടര്‍ന്നതായും അദ്ദേഹം പറഞ്ഞു. ഈ സമയംകൊണ്ട് വേദനയില്‍ നിന്ന് മുക്തി നേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോൾ പൂർണ്ണമായും സുഖം പ്രാപിച്ചു എന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അഭിമുഖത്തില്‍ പറഞ്ഞു.
Also read : ശരീരത്തിൽ അതിവേഗം പടരുന്ന പ്രോസ്റ്റേറ്റ് ക്യാൻസർ കണ്ടെത്തി; കണ്ടെത്തല്‍ എഐ സഹായത്തോടെ