ഡമാസ്‌കസ് : സിറിയയിലെ ഇറാൻ്റെ കോൺസുലേറ്റ് തകർത്ത ഇസ്രയേൽ വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. രണ്ട് ഇറാനിയൻ ജനറൽമാരും അഞ്ച് ഉദ്യോഗസ്ഥരും മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ അധികൃതർ അറിയിച്ചു.
സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൽ ഇറാൻ എംബസി സ്ഥിതി ചെയ്യുന്നതിന്‍റെ തൊട്ടടുത്തുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കോൺസുലേറ്റ് കെട്ടിടത്തെ ലക്ഷ്യമാക്കിയാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് വിവരം.
ഗാസ, ലെബനന്‍ അതിർത്തികളില്‍ ഇസ്രയേലിനെതിരെ പോരാടുന്ന തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന ഇറാനിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരെ കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രയേലിന്‍റെ ആക്രമണം. അതേസമയം കോൺസുലേറ്റിന് നേരെ നടന്ന ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ രംഗത്തെത്തി. ഗാസയിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം വ്യാപിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണ് നയതന്ത്ര കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണമെന്നും ഇറാന്‍ കുറ്റപ്പെടുത്തി.
സിറിയയിൽ കനത്ത സുരക്ഷയോടെ പ്രവർത്തിക്കുന്ന മസെയുടെ സമീപ പ്രദേശത്തെ കെട്ടിടം ആക്രമണത്തിൽ നിലംപൊത്തിയിരുന്നു. തകർന്ന കെട്ടിടത്തിനടിയിൽപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ നടക്കുകയാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി സിറിയയിൽ ഇസ്രയേൽ നൂറുകണക്കിന് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
ഗാസ മുനമ്പിൽ ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിന്‍റെയും ലെബനൻ-ഇസ്രയേൽ അതിർത്തിയിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലുകളുടെയും പശ്ചാത്തലത്തിൽ ഇത്തരം വ്യോമാക്രമണങ്ങൾ അടുത്ത മാസങ്ങളിൽ വർധിച്ചിരിക്കുകയാണ്.
സിറിയയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ അപൂർവമായി മാത്രമേ അംഗീകരിക്കുന്നുള്ളൂവെങ്കിലും, പ്രസിഡന്‍റ് ബാഷർ അസദിൻ്റെ സേനയെ പിന്തുണയ്ക്കാൻ ആയിരക്കണക്കിന് പോരാളികളെ അയച്ച ലെബനൻ്റെ ഹിസ്ബുള്ള പോലുള്ള ഇറാൻ സഖ്യകക്ഷി തീവ്രവാദ ഗ്രൂപ്പുകളുടെ താവളങ്ങൾ തങ്ങള്‍ ലക്ഷ്യമിടുന്നതായി ഇസ്രയേൽ പ്രസ്‌താവിച്ചിട്ടുണ്ട്.