ഹൈദരാബാദ്: ഇൻഡിഗോ വിമാനത്തിൽ കുഷ്യനില്ലാത്ത സീറ്റുകളുടെ ഫോട്ടോ പങ്കുവച്ച് യാത്രിക. ഇൻഡിഗോ എയർലൈൻസിനെ ടാഗ് ചെയ്‌ത് എക്‌സിലാണ് യാത്രക്കാരി ചിത്രം പോസ്റ്റ് ചെയ്‌തത്. എന്നാൽ യാത്രയ്‌ക്ക് മുന്നോടിയായുള്ള സീറ്റിന്‍റെ ശുചീകരണ പ്രവൃത്തികളുടെ ഭാഗമായാണ് കുഷ്യനുകൾ ഒഴിവാക്കിയതെന്നാണ് ഇൻഡിഗോയുടെ മറുപടി.
കുഷ്യനില്ലാത്ത സീറ്റുകളുടെ ചിത്രത്തിനൊപ്പം താൻ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് കുറിപ്പ് എഴുതിയത്. ബെംഗളുരുവിൽ നിന്ന് ഭോപാലിലേക്ക് പോവുകയായിരുന്ന യവനിക രാജ് ഷാ എന്ന യാത്രക്കാരിയാണ് ചിത്രങ്ങൾ പങ്കു വച്ചത്. എക്‌സിൽ പങ്കുവച്ചതിനു ശേഷം രസകരമായ കമന്‍റുകളാണ് യുവതിയുടെ പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടത്.
'അവർ നൽകുന്ന കുഷ്യനേക്കാൾ മികച്ചത് കുഷ്യനില്ലാത്തതു തന്നെയാവുമെന്ന് നിങ്ങൾക്ക് മനസിലായില്ലേ' എന്ന് പറഞ്ഞാണ് എൻ കെ എന്ന പേരിലുള്ള എക്‌സ് ഉപയോക്താവ് ഇൻഡിഗോയെ പരിഹസിച്ചത്. 'വെബ് ചെക്ക് ഇൻ സമയത്ത് പണമൊന്നുമില്ലാതെ കൊടുത്ത സീറ്റാണ് ഇതെന്നാണ് ഞാൻ കരുതുന്നത്' എന്നാണ് മറ്റൊരാൾ പറഞ്ഞത്. 'വൗ... മസാജിങ് സീറ്റുകൾ' എന്ന് ഒരാൾ.
കഴിഞ്ഞ ആഴ്‌ച മുംബൈയിൽ നിന്ന് ഇൻഡോറിലേക്ക് പോകുമ്പോൾ താനും സമാനമായ ഒരു സീറ്റ് കണ്ടതായി പരാഗ് മാൻഡ്‌പെ എന്ന ഉപയോക്താവ് പറഞ്ഞു. എന്നാൽ യാത്രക്കാരൻ വന്നതിന് ശേഷം അവർ കുഷ്യൻ ശരിയാക്കിയിരുന്നു. അവർ കുഷ്യൻ ക്ഷാമം നേരിടുന്നുണ്ടാകാം എന്നാണ് മാൻഡ്‌പെയുടെ കമന്‍റ്.
" മാഡം, ഞങ്ങളോട് സംസാരിച്ചതിന് നന്ദി. യാത്രയ്‌ക്ക് മുമ്പ് സീറ്റിലെ ശുചീകരണ പ്രവൃത്തികൾക്കായി ആണ് കുഷ്യനുകൾ മാറ്റിയത്. ഞങ്ങളുടെ ക്യാബിൻ ക്രൂ യാത്ര ചെയ്യാൻ പോകുന്നവരെ ഉടൻ വിവരമറിയിച്ചിട്ടുണ്ട്. ഇത് ട്രാൻസിറ്റ് സമയത്ത് വൃത്തിയാക്കുന്നതിനുള്ള രീതിയാണ്. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ശുചിത്വവും ഉയർന്ന നിലവാരവുമുള്ള യാത്ര നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്" എന്നായിരുന്നു ഇൻഡിഗോയുടെ മറുപടി.
Also read: സാങ്കേതിക തകരാർ; പറന്നുയർന്നതിന് പിന്നാലെ ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി