ഗുജറാത്ത്: രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ ഉദ്ഘാടനത്തിന് തൊട്ടുമുമ്പായി പേര് മാറ്റി. 'നമോ ഭാരത് റാപിഡ് റെയില്‍' എന്ന പേരിലാകും വന്ദേ മെട്രോ ഇനി അറിയപ്പെടുക. ഗുജറാത്തിലെ ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്ക് ഇതിന്‍റെ ആദ്യ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യാനിരിക്കേയാണ് പേര് മാറ്റിയത്. ഭുജ് റെയിൽവേ സ്‌റ്റേഷനിൽ ഇന്ന് (സെപ്‌റ്റംബർ 16) വൈകിട്ട് 4.15നാണ് ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്.
അഹമ്മദാബാദില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്‍ച്വലായിട്ടാണ് നമോ ഭാരത് റാപിഡ് റെയില്‍ ഫ്ലാഗ് ഓഫ് ചെയ്‌തത്. ഇന്‍റർസിറ്റി കണക്‌റ്റിവിറ്റി വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന റാപ്പിഡ് റെയിൽ, ഭുജ് മുതൽ അഹമ്മദാബാദ് വരെയുള്ള 359 കിലോമീറ്റർ ദൂരം 5:45 മണിക്കൂറിനുള്ളിൽ പിന്നിടും.
9 സ്‌റ്റേഷനുകളിലാണ് ട്രെയിനിന് സ്‌റ്റോപ്പുള്ളത്. പൊതുജനങ്ങൾക്കായി അഹമ്മദാബാദിൽ നിന്ന് സെപ്റ്റംബർ 17നാണ് റെഗുലർ സർവീസ് ആരംഭിക്കുക. 455 രൂപയാണ് അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക്.
Bharat's first Vande Metro Train (94801/02) Ahmedabad-Bhuj is being introduced for the convenience of passengers and with a view to meet the travel demand.#WRUpdates pic.twitter.com/lVmAqpikHe
— Western Railway (@WesternRly) September 15, 2024
വന്ദേ മെട്രോയുടെ പേര് നമോ ഭാരത് റാപ്പിഡ് റെയിൽ എന്ന് പുനർനാമകരണം ചെയ്യാൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്ന് നേരത്തെ റെയിൽവേ വക്താവ് അറിയിച്ചിരുന്നു. റെയിൽവേ മന്ത്രാലയം പറയുന്നതനുസരിച്ച് മറ്റ് മെട്രോകൾ ചെറിയ സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. ഇത് ജനങ്ങള്‍ക്ക് ഏറെ യാത്ര പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. നമോ ഭാരത് മെട്രോയെത്തിയതോടെ ഇതിന് പരിഹാരമായിരിക്കുകയാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നമോ ഭാരതിലെ സൗകര്യങ്ങൾ: 1,150 യാത്രക്കാർക്ക് ഇരിക്കാവുന്ന 12 എസി കോച്ചുകൾ ഉൾക്കൊള്ളുന്ന റാപ്പിഡ് റെയിൽ നിരവധി നൂതന സവിശേഷതകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാവുന്ന തരത്തിലുള്ള സീറ്റുകള്‍, പൂർണമായും എയർകണ്ടീഷൻ ചെയ്‌ത ക്യാബിനുകൾ, മോഡുലാർ ഇന്‍റീരിയറുകൾ എന്നീ സൗകര്യങ്ങളെല്ലാം നമോ ഭാരതിലുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച കോച്ചുകളിൽ കേന്ദ്രീകൃത നിയന്ത്രിത ഓട്ടോമാറ്റിക് സ്ലൈഡിങ് ഡോറുകൾ, മോഡുലാർ ഇന്‍റീരിയറുകൾ, തുടർച്ചയായ എൽഇഡി ലൈറ്റിങ്, വാക്വം ഇക്വുവേഷൻ ഉള്ള ടോയ്‌ലറ്റുകൾ, റൂട്ട് മാപ്പ് ഇൻഡിക്കേറ്ററുകൾ, പനോരമിക് വിൻഡോകൾ, സിസിടിവി, ഫോൺ ചാർജിങ് സൗകര്യങ്ങൾ, അലാറം സിസ്‌റ്റം എന്നിവയുണ്ടെന്ന് പശ്ചിമ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ വിനീത് അഭിഷേക് പറഞ്ഞു. മാത്രമല്ല 110 KMPH വേഗതയിൽ എത്താൻ സഹായിക്കുന്ന നൂതനവും മെച്ചപ്പെട്ടതുമായ ഫീച്ചറുകൾ ഇതിന് നൽകിയിട്ടുണ്ടെന്നും അഭിഷേക് കൂട്ടിച്ചേർത്തു.
സാധാരണ സബര്‍ബന്‍, മെട്രോ ട്രെയിനുകളില്‍ നിന്നും ഏറെ വ്യത്യസ്‌തമാണ് നമോയുടെ മോഡുലാര്‍ ഡിസൈന്‍. മാത്രമല്ല സാധാരണക്കാര്‍ക്ക് പോലും യാത്ര ചെയ്യാവുന്ന തരത്തിലുള്ള ടിക്കറ്റ് നിരക്കാണ് മെട്രോ ഈടാക്കുന്നത്. വേഗത്തില്‍ ഏറെ ദൂരം സുരക്ഷിതമായി യാത്ര ചെയ്യാനും യാത്രക്കാര്‍ക്ക് സാധിക്കുമെന്നും റെയില്‍വേ അറിയിച്ചു.