ഭിലായ്: ഗോത്രവര്‍ഗ സമൂഹത്തിന്‍റെ പങ്കാളിത്തമില്ലാതെ രാജ്യത്തിന്‍റെ വികസനത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ഭിലായ് ഐഐടിയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.
ഗോത്രവര്‍ഗ സമൂഹത്തെയും ഒപ്പം കൊണ്ടു പോകേണ്ടതുണ്ട്. ഭിലായ് ഐഐടിയും ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സും ആരോഗ്യ-സേവന രംഗത്ത് കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുവെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. സാധാരണക്കാരെ സഹായിക്കാനായി ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് ഒരു ആപ്പ് വികസിപ്പിച്ചു.
ഭിലായ് ഐഐടി ഗോത്രവര്‍ഗ സമൂഹത്തിന്‍റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നു. ഛത്തീസ്‌ഗഡില്‍ ഗോത്രവിഭാഗത്തിന്‍റെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്. വിദ്യാഭ്യാസം പ്രായോഗികവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാകണം. ഭിലായ് ഈ ദിശയിലാണ് എപ്പോഴും സഞ്ചരിക്കുന്നത് എന്നത് വളരെ നല്ലകാര്യമാണെന്നും രാഷ്‌ട്രപതി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരു വിദ്യാര്‍ഥി ജീവിതകാലം മുഴവന്‍ പഠനത്തിനുള്ള ഒരു വാതായനം തുറന്നിടുന്നു. ഭിലായ് ഉരുക്ക് നിര്‍മാണ ശാല ആധുനിക ഇന്ത്യയ്ക്ക് വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. ഭിലായില്‍ നിന്ന് പുറത്ത് വരുന്ന കുട്ടികള്‍ ഇപ്പോള്‍ രാജ്യത്തിന്‍റെ ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.
ഈ സമുന്നത വിദ്യാലയത്തിന്‍റെ ആഗോള രംഗത്തെ സാന്നിധ്യവും രാഷ്‌ട്രപതി ഉയര്‍ത്തിക്കാട്ടി. രാജ്യത്തിന്‍റെ പുരോഗതിക്ക് വേണ്ടിയും ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നു. ഡിജിറ്റൈസേഷന്‍ രംഗത്തെ മെച്ചപ്പെടുത്താന്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു. ആഗോളരംഗത്ത് ഇന്ത്യയുടെ സ്വത്വം നിരന്തരം കരുത്താര്‍ജ്ജിച്ച് കൊണ്ടിരിക്കുന്നു. ഡിജിറ്റല്‍ വിപ്ലവത്തിന്‍റെ അഗ്രത്തിലാണ് ഇന്ത്യ. സാങ്കേതിക നൂതന മേഖലയില്‍ നിരന്തരം പുരോഗതിയിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്നു. ഐഐടി ബിരുദധാരികള്‍ ഇന്ത്യയുടെ ഡിജിറ്റല്‍ രംഗത്ത് അമൂല്യ സംഭാവനകള്‍ നല്‍കിക്കൊണ്ട് രാജ്യത്തിന് അഭിമാനമാകുന്നു.
ഛത്തീസ്‌ഗഡ് ഗവര്‍ണര്‍ രമെന്‍ ദേകയും ചടങ്ങില്‍ സംബന്ധിച്ചു. വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും സംസ്ഥാനം മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ ലോകമെങ്ങും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വനിതകള്‍ക്ക് യാതൊരു മുഖവുരയുടെയും ആവശ്യമില്ല. രാജ്യത്തെ ഉന്നത പദവികളില്‍ പോലും അവര്‍ ഇടംപിടിച്ചിരിക്കുന്നു. രാജ്യത്തിന്‍റെ പരമോന്നത പദവിയില്‍ ഒരു വനിത ഇരിക്കുന്നു എന്നത് നമ്മുടെ ഭാഗ്യമാണ്. നാം ആരെക്കാളും പിന്നില്‍ അല്ലെന്നതിന്‍റെ തെളിവാണ് ഇതെന്നും ദേക്ക ചൂണ്ടിക്കാട്ടി.
സാങ്കേതികതയുടെ കരുത്ത് കൈവശമുള്ളവന് തന്‍റെ പ്രവൃത്തിയിലൂടെ സ്വന്തം പേര് ലോകത്തില്‍ എഴുതിച്ചേര്‍ക്കാനാകുന്നുവെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി വിഷ്‌ണു ദേവ് സായ് പറഞ്ഞു. നമ്മുടെ ജീവിതത്തില്‍ സാങ്കേതികതയുടെ ആവശ്യം വര്‍ധിച്ച് വരുന്നു. സാങ്കേതിക മേഖലയില്‍ ഭിലായ് ഐഐടി നിരന്തരം നൂതന കണ്ടെത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഈ സ്ഥാപനത്തില്‍ പഠിച്ചിറങ്ങുന്നതില്‍ വിദ്യാര്‍ഥികള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവിദ്യാര്‍ഥികള്‍ക്കും നന്മകള്‍ നേര്‍ന്ന അദ്ദേഹം ആധുനിക ഇന്ത്യയുടെ ഭാവി ഭിലായ് ഐഐടിയിലാണ് പരുവപ്പെടുന്നതെന്നും അവകാശപ്പെട്ടു. സംസ്ഥാന സര്‍ക്കാരും ഐഐടിക്ക് വേണ്ട പിന്തുണയുമായി രംഗത്തുണ്ട്. സംസ്ഥാനത്തെ ആദ്യ ഐഐടി പാര്‍ക്ക് ഭിലായില്‍ സ്ഥാപിക്കും. തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം ലക്ഷ്യമിട്ട് വിദ്യാ സംരക്ഷിക കേന്ദ്രം തുടങ്ങും. ബസ്‌തര്‍ മേഖലയിലെ പോഷകാഹാര കുറവുള്ള കുട്ടികളുടെ കാര്യത്തിലും കൂടുതല്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.