ലണ്ടൻ (യുകെ) : സൈക്കിളിൽ യാത്രചെയ്യുന്നതിനിടെ ട്രക്ക് ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. മാർച്ച് 19 ന് ലണ്ടനിലെ അപ്പാർട്ട്‌മെന്‍റിലേക്ക് സൈക്കിളിൽ പോകുന്നതിനിടെയാണ് വിദ്യാർഥിനിയെ ട്രക്ക് ഇടിച്ചത്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ പിഎച്ച്‌ഡി വിദ്യാർഥിനിയായ ചേയ്‌സ്‌ത കൊച്ചാറാണ് (33) കൊല്ലപ്പെട്ടത്. വിരമിച്ച ലെഫ്റ്റനന്‍റ് ജനറൽ ഡോ എസ് പി കൊച്ചാർസിന്‍റെ മകളാണ് ചേയ്‌സ്‌ത കൊച്ചാർ. മാലിന്യ ട്രക്കാണ് ചേയ്‌സ്‌തയുടെ സൈക്കിളിൽ ഇടിച്ചത്. ഭർത്താവ് പ്രശാന്ത് മുൻപിൽ ഉണ്ടായിരുന്നെങ്കിലും ചേയ്‌സ്‌തയെ രക്ഷിക്കാനായില്ല.
ചേയ്‌സ്‌തയുടെ മരണ വിവരം സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചത് നിതി ആയോഗ് മുൻ സിഇഒ അമിതാഭ് കാന്താണ്. ചേയ്‌സ്‌ത തന്നോടൊപ്പം നീതി ആയോഗിലെ ലൈഫ് പ്രോഗ്രാമിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ബിഹേവിയർ സയൻസിൽ പിഎച്ച്‌ഡി ചെയ്യാൻ വേണ്ടിയാണ് അവർ ലണ്ടനിലേക്ക് പോയതെന്നും അമിതാഭ് കാന്ത് തന്‍റെ പോസ്‌റ്റിൽ പറഞ്ഞു.
സൈക്കിൾ സവാരിക്കിടെ അപ്രതീക്ഷിതമായെത്തിയ അപകടത്തിൽ ചേയ്‌സ്‌ത വിടവാങ്ങി. ചേയ്‌സ്‌ത വളരെ മിടുക്കിയും ധൈര്യശാലിയുമായിരുന്നു വളരെ ആഗ്രഹത്തോടെയാണ് 2023 സെപ്‌റ്റംബറിൽ അവൾ ലണ്ടനിലേക്ക് പോയതെന്ന് അമിതാഭ് കാന്ത് കൂട്ടിചേർത്തു.
തൻ്റെ മകൾ ചേയ്‌സ്‌ത കൊച്ചാറിൻ്റെ ഭൗതികാവശിഷ്‌ടങ്ങൾ കൈപറ്റാൻ വേണ്ടി താൻ ഇപ്പോഴും ലണ്ടനിൽ കാത്തിരിക്കുകയാണെന്ന് ലെഫ്റ്റനൻ്റ് ജനറൽ കൊച്ചാർ പറഞ്ഞു. ലിങ്ക്ഡ്ഇൻലെ ഒരു പോസ്‌റ്റിലാണ് കൊച്ചാർ പറഞ്ഞത്, "ഞാൻ ഇപ്പോഴും ലണ്ടനിലാണ്, മാർച്ച് 19 ന് എൽഎസ്ഇയിൽ നിന്ന് സൈക്കിൾ ചെയ്യുന്നതിനിടയിൽ ഒരു ട്രക്ക് അവളെ ഇടിച്ചു. അത് ഞങ്ങളെയും അവളുടെ വലിയ സ്വപ്‌നത്തെയും തകർത്തു' കൊച്ചാര്‍ പറഞ്ഞു.
ചേയ്‌സ്‌തയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, കഴിഞ്ഞ വർഷം സെപ്‌റ്റംബർ മുതൽ എൽഎസ്ഇയിൽ ഡോക്‌ടറേറ്റ് വിദ്യാർഥിയായിരുന്ന അവര്‍ 2021 ജൂൺ മുതൽ 2023 ഏപ്രിൽ വരെ നിതി ആയോഗിലെ നാഷണൽ ബിഹേവിയറൽ ഇൻസൈറ്റ്സ് യൂണിറ്റ് ഓഫ് ഇന്ത്യയുടെ സീനിയർ അഡ്വൈസറായി പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ്, സോഷ്യൽ ആൻഡ് ബിഹേവിയർ ചേഞ്ച് സെൻ്ററിൽ അസോസിയേറ്റ് ഡയറക്‌ടറായും പ്രവർത്തിച്ചിരുന്നു. ഡൽഹി യൂണിവേഴ്‌സിറ്റി, അശോക യൂണിവേഴ്‌സിറ്റി, പെൻസിൽവാനിയ, ചിക്കാഗോ യൂണിവേഴ്‌സിറ്റികൾ എന്നിവിടങ്ങളിലാണ് ചേയ്‌സ്‌ത പഠനം പൂർത്തിയാക്കിയത്.
Also read : കാട്ടാക്കട ടിപ്പർ അപകടം; ടിപ്പർ ഡ്രൈവറെ അറസ്‌റ്റ് ചെയ്‌തു - Tipper Lorry Driver Arrested