ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ ഇന്ത്യൻ മുസ്‌ലിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിയമം അവരുടെ പൗരത്വത്തെ ബാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഹിന്ദുക്കൾക്കുള്ള എല്ലാ അവകാശങ്ങളും അവർക്കും ഉണ്ടാകും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഈ നിയമപ്രകാരം ഒരു ഇന്ത്യൻ പൗരനോടും തൻ്റെ പൗരത്വം തെളിയിക്കാൻ രേഖ ഹാജരാക്കാൻ ആവശ്യപ്പെടില്ല. ഈ നിയമം മതപീഡനത്തിൻ്റെ പേരിൽ ഇസ്‌ലാമിനെ കളങ്കപ്പെടുത്തുന്നതിൽ നിന്ന് സംരക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു. "ആ മൂന്ന് മുസ്‌ലിം രാജ്യങ്ങളിലെ ന്യൂനപക്ഷ പീഡനങ്ങൾ കാരണം, ലോകമെമ്പാടും ഇസ്‌ലാമിൻ്റെ പേര് കളങ്കപ്പെട്ടു. എന്നിരുന്നാലും, സമാധാനപരമായ ഒരു മതമായതിനാൽ ഇസ്‌ലാം ഒരിക്കലും വിദ്വേഷം/അക്രമം/മതപരമായ ഒരു പീഡനം പ്രസംഗിക്കുകയോ നിർദ്ദേശിക്കുകയോ ചെയ്യുന്നില്ല." ആഭ്യന്തര മന്ത്രാലയവും പ്രസ്‌താവനയിൽ പറഞ്ഞു.
പൗരത്വ നിയമം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് ഉദ്ദേശിച്ചല്ല. അതിനാൽ സിഎഎ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന മുസ്‌ലിങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള ഒരു വിഭാഗം ആളുകളുടെ ആശങ്ക ന്യായീകരിക്കാനാവാത്തതാണെന്നും പ്രസ്‌താവനയിൽ പറയുന്നു.
"അവകാശങ്ങൾ ആസ്വദിക്കാനുള്ള സ്വാതന്ത്ര്യവും അവസരവും വെട്ടിക്കുറയ്ക്കാതെ, മറ്റ് മതങ്ങളിൽപ്പെട്ട മറ്റ് ഇന്ത്യൻ പൗരന്മാരെപ്പോലെ തന്നെ ഇന്ത്യൻ മുസ്‌ലിങ്ങളും അവകാശങ്ങൾ വിനിയോഗിക്കുന്നു. അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ മതപരമായ കാരണങ്ങളാൽ പീഡിപ്പിക്കപ്പെട്ട് 2014 ഡിസംബർ 31-നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയ ഗുണഭോക്താക്കൾക്ക് സിഎഎ 2019 പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനുള്ള യോഗ്യതയുടെ കാലയളവ് 11 ൽ നിന്ന് 5 വർഷമായി കുറച്ചു." മന്ത്രാലയം പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.