പോർബന്തർ : പാക് ബോട്ടില്‍ കടത്തിയ 600 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നും പിടികൂടി. ഇന്ത്യൻ കോസ്‌റ്റ് ഗാർഡും തീവ്രവാദ വിരുദ്ധ സ്ക്വാഡും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 86 കിലോ മയക്കുമരുന്ന് പിടികൂടിയത്. ബോട്ടും അതിലെ 14 ജീവനക്കാരെയും സുരക്ഷ സേന കസ്‌റ്റഡിയിലെടുത്തു.
മാരിടൈം ഇന്‍റലിജൻസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സേന പരിശോധന നടത്തിയത്. ഇന്ത്യൻ കോസ്‌റ്റ് ഗാർഡിന്‍റെ കപ്പലുകളും വിമാനങ്ങളും ദൗത്യത്തിനായി വിന്യസിച്ചിരുന്നു. പ്രദേശത്ത് നിരീക്ഷണം തുടരുകയാണ്. കഴിഞ്ഞ 3 വർഷത്തിനിടെ 11 തവണയാണ് പോർബന്തർ കടലിൽ നിന്ന് വൻതോതിൽ മയക്കുമരുന്നും ലഹരി വസ്‌തുക്കളും പിടികൂടിയത്.