ന്യൂഡൽഹി : ഐക്യരാഷ്‌ട്ര സഭയില്‍ പലസ്‌തീന് അംഗത്വം നല്‍കണമെന്ന പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ. ഇന്ന് (14-05-2024) ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം അവതരിച്ചത് ഒരു നല്ല നടപടിയായി കാണുന്നുവെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ രുചിര കാംബോജ് പ്രത്യേക സെഷനിൽ പറഞ്ഞു.
'ഗാസയിലെ സംഘർഷം ഏഴ് മാസത്തിലേറെയായി തുടരുകയാണ്. അത് സൃഷ്‌ടിച്ച മാനുഷിക പ്രതിസന്ധി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മേഖലയിലും അതിനപ്പുറത്തേക്കും അസ്ഥിരത വര്‍ദ്ധിക്കാന്‍ സാധ്യതയുമുണ്ട്. ഈ സന്ദർഭത്തിൽ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം 2728 അവതരിച്ചത് ഒരു നല്ല നടപടിയായി ഞങ്ങൾ കാണുന്നു.'- രുചിര കാംബോജ് പറഞ്ഞു.
ഇസ്രയേലും ഹമാസും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന സിവിലന്‍മാരുടെ ജീവഹാനിയിലേക്ക് നയിച്ചെന്നും ഇത് മൂലം ഉണ്ടാകുന്ന മാനുഷിക പ്രതിസന്ധി അസ്വീകാര്യമാണെന്ന് ഇന്ത്യ ഒന്നിലധികം തവണ വ്യക്തമാക്കിയതാണെന്നും രുചിര കൂട്ടിച്ചേര്‍ത്തു. അന്താരാഷ്‌ട്ര നിയമവും അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങളും എല്ലാ സാഹചര്യങ്ങളിലും എല്ലാവരും ബഹുമാനിക്കേണ്ടതാണ് എന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഭീകരതയ്ക്കും ബന്ദികളാക്കലിനും യാതൊരു ന്യായീകരണവുമില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ, ബന്ദികളെ ഉടനടി നിരുപാധികം മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഗാസയിലെ മാനുഷിക സാഹചര്യം ഭയാനകമാണെന്നും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നതിന് മുമ്പ് ഗാസയിലെ ജനങ്ങൾക്കുള്ള മാനുഷിക സഹായം വർദ്ധിപ്പിക്കണമെന്നും രുചിര കാംബോജ് പറഞ്ഞു.
ഇരുപക്ഷവുംചർച്ച ചെയ്‌ത് രൂപപ്പെടുത്തുന്ന ദ്വിരാഷ്‌ട്രം എന്ന പരിഹാരം മാത്രമേ ശാശ്വതമായ സമാധാനം നൽകൂ എന്നും അവർ ചൂണ്ടിക്കാട്ടി. 'ഞങ്ങളുടെ ദീർഘകാല നിലപാടിന് അനുസൃതമായി പലസ്‌തീന്‍റെ യുഎന്‍ അംഗത്വത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു. അതിനാൽ ഞങ്ങൾ ഈ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌തു. ഫലസ്‌തീന്‍റെ അപേക്ഷ സുരക്ഷാ കൗൺസിൽ പുനപരിശോധിക്കുമെന്നും യുഎന്നിൽ അംഗമാകാനുള്ള പലസ്‌തീന്‍റെ ശ്രമത്തിന് അംഗീകാരം ലഭിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.'- രുചിര കംബോജ് പറഞ്ഞു.