ന്യൂഡൽഹി: ടൊറന്‍റോയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉള്‍പ്പടെയുള്ള നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കനേഡിയൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചാണ് പ്രതിഷേധം അറിയിച്ചത്.
കനേഡിയന്‍ പരിപാടികളില്‍ അനിയന്ത്രിതമായി തുടരാൻ അനുവദിക്കുന്ന ഇത്തരം അസ്വസ്ഥജനകമായ നടപടികളിൽ ഇന്ത്യൻ സർക്കാരിന്‍റെ അഗാധമായ ഉത്കണ്‌ഠയും ശക്തമായ പ്രതിഷേധവും അറിയിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത് വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും കാനഡയിൽ നൽകിയിട്ടുള്ള രാഷ്‌ട്രീയ ഇടം ഒരിക്കൽ കൂടി വ്യക്തമാക്കുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഞായറാഴ്‌ച നടന്ന ഖൽസ ദിനാചരണത്തില്‍, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അഭിസംബോധന ചെയ്‌ത പരിപാടിയിലാണ് ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നത്. സിഖ് സമൂഹത്തിന്‍റെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും എന്ത് വില കൊടുത്തും കനേഡിയൻ സർക്കാർ സംരക്ഷിക്കുമെന്ന് പ്രസംഗത്തിൽ ട്രൂഡോ ഉറപ്പ് നൽകി.
കൺസർവേറ്റീവ് നേതാവ് പിയറി പൊയ്‌ലിവർ, ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) നേതാവ് ജഗ്മീത് സിങ്, ടൊറന്‍റോ മേയർ ഒലിവിയ ചൗ എന്നിവരും ചടങ്ങിലുണ്ടായിരുന്നു. വൈശാഖി എന്നും അറിയപ്പെടുന്ന ഖല്‍സ സിഖ് പുതുവത്സര ആഘോഷമാണ്.
Also Read : കാനഡയിൽ മൂന്നംഗ ഇന്ത്യൻ കുടുംബം വെന്തുമരിച്ചു ; ദുരൂഹതയെന്ന് പൊലീസ്