ന്യൂഡല്‍ഹി : രാജ്യത്തിന്‍റെ വനിത കരുത്ത് പ്രകടമാക്കി 75ാം റിപ്പബ്ലിക് ദിന പരേഡ്. കര്‍ത്തവ്യപഥില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ 80 ശതമാനവും വനിതകളാണ് അണിനിരന്നത്. ചരിത്രത്തിലാദ്യമായി പരേഡില്‍ എല്ലാ സൈനിക വിഭാഗങ്ങളെയും നയിച്ചത് സ്ത്രീകള്‍ എന്ന അപൂര്‍വ്വതയും ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിന പരേഡ് സ്വന്തമാക്കി(Republic day).
പ്രതിരോധ സാങ്കേതിക രംഗത്തെ സ്‌ത്രീ കരുത്ത് വിളിച്ചോതുന്ന പ്രദര്‍ശനവും പരേഡില്‍ അണിനിരന്നു. ഡിആര്‍ഡിഒ ശാസ്‌ത്രജ്ഞ സുനിത ജെനയുടെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശന പരേഡ്. പുത്തന്‍ സാങ്കേതികതയിലൂടെ രാജ്യസുരക്ഷയ്ക്ക് വനിതകളുടെ കരുത്ത് എങ്ങനെ ഉപയോഗിക്കാമെന്നതായിരുന്നു ഈ പ്രദര്‍ശനം കാഴ്ചക്കാരോട് പറഞ്ഞത് (Nari shakthi).
പ്രതിരോധ സാങ്കേതികതയിലെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം ഇതിന്‍റെ ഗവേഷണത്തിലും വികസനത്തിലും സ്‌ത്രീകള്‍ നല്‍കിയ സംഭാവനകള്‍ കൂടി എടുത്ത് കാട്ടുന്നതായി ഡിആര്‍ഡിഒയുടെ പരേഡ്. തദ്ദേശീയമായി വികസിപ്പിച്ച ലിക്വിഡ് രാം ജെറ്റ് സാങ്കേതികത രാജ്യത്തിന്‍റെ വലിയ നേട്ടമാണ്. ലക്ഷ്മി മാധവി, ജെ സുജന ചൗധരി, എ ഭുവനേശ്വരി തുടങ്ങിയ വനിത ശാസ്‌ത്രജ്ഞരാണ് ഈ നേട്ടത്തിന് പിന്നില്‍ (Women empowerment).
ഡല്‍ഹി പൊലീസ് വിഭാഗത്തെ നയിച്ചതും മലയാളി കൂടിയായ ഒരു വനിത ആണ്. ഡൽഹി പൊലീസ് സംഘത്തെ മലയാളിയും നോർത്ത് ഡൽഹി ഡപ്യൂട്ടി കമ്മിഷണറുമായ ശ്വേത കെ.സുഗതൻ നയിച്ചു. സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിൽ നിന്നുള്ള വനിത സേനാംഗങ്ങൾ ബൈക്ക് അഭ്യാസപ്രകടനം നടത്തി. ക്യാപ്റ്റന്‍ സന്ധ്യ മഹളയുടെ നേതൃത്വത്തിലാണ് സൈന്യം കര്‍ത്തവ്യപഥില്‍ അണിനിരന്നത്.
പ്രതിരോധരംഗത്ത് വിവിധ മേഖലകളില്‍ വനിതകള്‍ നല്‍കുന്ന സംഭാവനകള്‍ വിളിച്ചോതുന്ന പ്രദര്‍ശനവും പരേഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്വാതി വെപ്പണ്‍ ലൊക്കേറ്റിംഗ്, റഡാര്‍, പിനാക റോക്കറ്റ് എന്നിവയുടെ പ്രവര്‍ത്തനം വിവരിക്കുന്ന പ്രദര്‍ശനത്തിനും വനിത ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കിയത്. സ്ക്വഡ്രന്‍ ലീഡര്‍ രശ്മി ഠാക്കൂറാണ് വ്യോമസേനയുടെ പരേഡിന് നേതൃത്വം നല്‍കിയത്. 144 അംഗങ്ങളാണ് വ്യോമസേനയുടെ പരേഡില്‍ അണിനിരന്നത്. വ്യോമസേനയുടെ ഫ്ലൈപാസ്റ്റിൽ 51 വിമാനങ്ങൾ പങ്കെടുത്തു. വൈമാനികരിൽ 15 പേർ വനിതകളായിരുന്നു.
രണ്ട് വ്യത്യസ്ത സൈനിക റെജിമെന്‍റുകളില്‍ നിന്നുള്ള ദമ്പതിമാരായ ക്യാപ്റ്റന്‍ സുപ്രീത സി ടിയുടെയും മേജര്‍ ജെറി ബ്ലെയിസും ഒന്നിച്ച് മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നതും വ്യത്യസ്തമായ കാഴ്ചയായി.
ഡല്‍ഹി പൊലീസിലെ സ്പെഷ്യല്‍ കമ്മിഷണര്‍ റോബിന്‍ ഹിബുവിന്‍റെ നേതൃത്വത്തിലാണ് വനിതകള്‍ മാത്രം പങ്കെടുത്ത മാര്‍ച്ച് പാസ്റ്റ് അരങ്ങേറിയത്. വനിത പൈപ്പ് ബാന്‍ഡിന് ഡല്‍ഹി പൊലീസിലെ വനിത കോണ്‍സ്റ്റബിള്‍ റുയാന്‍ഗുനൗ നേതൃത്വം നല്‍കി. സിആര്‍പിഎഫിന്‍റെ പരേഡിനും വനിതകളാണ് അണിനിരന്നത്.
കര്‍ത്തവ്യ പഥില്‍ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയിലും വനിതകളായിരുന്നു ഏറിയ പങ്കും എന്നതും ശ്രദ്ധേയമായി. വന്ദേഭാരതം നാരീശക്തി എന്ന ബാനറില്‍ മുപ്പതിലേറെ പരമ്പരാഗത നൃത്ത രൂപങ്ങളാണ് കര്‍ത്തവ്യപഥില്‍ അരങ്ങേറിയത്. ശാസ്‌ത്രീയ നൃത്തരൂപങ്ങളായ കുച്ചിപുഡി, കഥക്, ഭരതനാട്യം, സാത്രിയ, മോഹിനിയാട്ടം, ഒഡിസി, മണിപ്പൂരി മുതല്‍ ബോളിവുഡിലെ ആധുനിക നൃത്തങ്ങള്‍ വരെ ഉള്‍പ്പെടുന്ന രാജ്യത്തിന്‍റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന പരിപാടികള്‍ അരങ്ങേറി.
Also Read: യുദ്ധസ്‌മാരകത്തില്‍ പുഷ്‌പചക്രം അര്‍പ്പിച്ച് പ്രധാനമന്ത്രി ; ധീരര്‍ക്ക് ആദരം
120 കലാകാരികള്‍ അണിനിരന്ന വിവിധ ഗോത്ര നാടന്‍ കലകളും അരങ്ങേറി. ഗുജറാത്ത്, മണിപ്പൂര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിധ്യക്കാഴ്‌ചകള്‍ പരിപാടികളില്‍ അണിനിരന്നു.