ന്യൂഡൽഹി: ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയ്‌ക്ക് സഹായവുമായി ഇന്ത്യ. ഇന്ത്യയിൽ നിർമിച്ച ഏകദേശം 90 ടൺ ആക്‌ടീവ് ഫാർമസ്യൂട്ടിക്കൽ ഘടകങ്ങളുമായുള്ള കപ്പൽ (API- Active Pharmaceutical Ingredients) ക്യൂബൻ റിപ്പബ്ലിക്കിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. ഞായറാഴ്‌ചയാണ് (ജൂൺ 2) കപ്പൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് പുറപ്പെട്ടത്.
വിട്ടുമാറാത്ത പകർച്ചവ്യാധികളുടെ ചികിത്സയ്‌ക്ക് ആവശ്യമായ ആൻ്റിബയോട്ടിക്കുകൾ ഉത്ദിപ്പിക്കുന്നതിനാണ് ഈ എപിഐകൾ നിർണായകമായി ഉപയോഗിക്കുന്നത്. 'ദീർഘകാല പകർച്ചവ്യാധികൾക്കുള്ള ചികിത്സയ്‌ക്ക് ആവശ്യമായ ഗുളികകൾ, ക്യാപ്‌സ്യൂളുകൾ, സിറപ്പുകൾ, കുത്തിവയ്‌പ്പുകൾ എന്നിവയുടെ ഡോസ് രൂപത്തിൽ അവശ്യ ആൻ്റിബയോട്ടിക്കുകൾ ഉത്പാദിപ്പിക്കാൻ ക്യൂബൻ മരുന്ന് നിർമാതാക്കൾ ഈ എപിഐകൾ ഉപയോഗിക്കും'- ആക്‌ടീവ് ഫാർമസ്യൂട്ടിക്കൽ ഘടകങ്ങളുടെ പ്രയോജനങ്ങൾ എടുത്തുകാണിച്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യ ക്യൂബയ്‌ക്ക് മാനുഷിക സഹായം അയക്കുന്നതായി എംഇഎയുടെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാളും എക്‌സിൽ കുറിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിർമിച്ച എപിഐകളുടെ 90 ടൺ ചരക്ക് ഇന്ന് മുന്ദ്ര തുറമുഖത്ത് നിന്ന് ക്യൂബയിലേക്ക് പുറപ്പെട്ടുവെന്നും അവശ്യ മരുന്നുകളുടെ നിർമ്മാണത്തെ അവ പിന്തുണയ്‌ക്കുമെന്നും രൺധീർ ജയ്‌സ്വാൾ പോസ്‌റ്റിൽ വ്യക്തമാക്കി.
ക്യൂബയ്‌ക്ക് നൽകിയ സഹായം ഫാർമസ്യൂട്ടിക്കൽസിന്‍റെ ഒരു പ്രധാന വിതരണ രാജ്യം എന്ന നിലയിൽ ഇന്ത്യയുടെ പദവി വീണ്ടും ഉറപ്പിക്കുന്നതായി വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്‌താവനയിൽ പറഞ്ഞു. ക്യൂബയുമായുള്ള രാജ്യത്തിന്‍റെ ചരിത്രപരമായ സൗഹൃദത്തെയും ഇത് അടിവരയിടുന്നതായി മന്ത്രാലയം കുറിച്ചു.
ഇന്ത്യ-ക്യൂബ ബന്ധം പരമ്പരാഗതമായി സൗഹൃദപരമാണെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം 1959ലെ വിപ്ലവത്തിന് ശേഷം ക്യൂബയ്‌ക്ക് ആദ്യമായി അംഗീകാരം നൽകിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അറിയിച്ചു. യുഎന്നിനെ ജനാധിപത്യവൽക്കരിക്കുന്നതിലും യുഎൻ സുരക്ഷ കൗൺസിലിൻ്റെ വിപുലീകരണത്തിലും ഇന്ത്യയുടെ വീക്ഷണങ്ങൾ ക്യൂബ പങ്കിടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.
ALSO READ: വൈറലായി 'ഓള്‍ ഐസ് ഓണ്‍ റഫ'; ഇന്‍സ്‌റ്റഗ്രാമില്‍ മാത്രം 440 ലക്ഷം ഷെയറുകള്‍