ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്‍റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) ബ്ലോക്ക് നേതാക്കളുടെ പ്രതിനിധി തെരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്‌ച നടത്തി. വോട്ടെണ്ണൽ സംബന്ധിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് കൂടിക്കാഴ്‌ച. ജൂൺ 4 ന് നടക്കുന്ന വോട്ടെണ്ണൽ പ്രക്രിയയ്‌ക്കായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമായതും വിശദവുമായ മാർഗനിർദേശങ്ങൾ നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള കൂടിക്കാഴ്‌ചയിൽ ഇന്ത്യാ ബ്ലോക്ക് പറഞ്ഞു.
1961 ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ അനുസരിച്ച് ആദ്യം തപാൽ ബാലറ്റുകൾ എണ്ണുന്നത് സംബന്ധിച്ച വ്യക്തത, കൺട്രോൾ യൂണിറ്റുകളുടെ സിസിടിവി നിരീക്ഷണത്തിലുള്ള സുരക്ഷിതമായ നീക്കം ഉറപ്പാക്കുക, കൺട്രോൾ യൂണിറ്റുകളിൽ തീയതി / സമയം പരിശോധിച്ചുറപ്പിക്കുക, വോട്ടിങ് ആരംഭിക്കുന്ന / അവസാന സമയങ്ങൾ സ്ഥിരീകരിക്കുക, എണ്ണുന്ന ഏജന്‍റുമാർക്കുള്ള സ്ലിപ്പുകൾ, ടാഗുകൾ, വിശദാംശങ്ങൾ, വോട്ടെടുപ്പ് തീയതി എന്നിവ പ്രദർശിപ്പിക്കുക, തിരക്ക് ഒഴിവാക്കുക, തുടരുന്നതിന് മുമ്പ് ഫലങ്ങൾ രേഖപ്പെടുത്താൻ ഏജന്‍റുമാരെ അനുവദിക്കുക, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യതയും വിശ്വാസവും ശക്തിപ്പെടുത്തുക എന്നിവയായിരുന്നു മറ്റ് ആവശ്യങ്ങൾ.
തപാൽ ബാലറ്റുകൾ ആദ്യം എണ്ണുകയും ആദ്യം തപാൽ ബാലറ്റുകളുടെ ഫലം പ്രഖ്യാപിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യമാണ് നിയമാനുസൃത ചട്ടത്തിൽ വ്യക്തമാക്കിയിട്ടുള്ളതെന്നും ഇത് തെരഞ്ഞെടുപ്പ് കമ്മിഷൻ മനസിലാക്കിയിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പത്രസമ്മേളനത്തിൽ പറഞ്ഞു. ഇസിഐ ക്ഷമയോടെ കേട്ടെന്നും ശക്തമായ നടപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വോട്ടെണ്ണൽ ദിവസം ആദ്യം പോസ്‌റ്റൽ ബാലറ്റുകളാണ് എണ്ണേണ്ടതെന്ന് സീതാറാം യെച്ചൂരിയും പറഞ്ഞു. 2019 ലെ തെരഞ്ഞെടുപ്പ് വരെ ആദ്യം തപാൽ ബാലറ്റുകൾ എണ്ണി പ്രഖ്യാപിക്കും എന്നായിരുന്നു നടപടിക്രമങ്ങളും നിയമവും അതിനുശേഷമായിരുന്നു ഇവിഎം എണ്ണൽ.