തിരുവനന്തപുരം: ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് പത്താം ക്ലാസില്‍ 99.47 ശതമാനം വിജയമാണ് ഇത്തവണയുള്ളത്. പന്ത്രണ്ടാം ക്ലാസില്‍ 98.19 ശതമാനം വിജയവും രേഖപ്പെടുത്തി. കേരളത്തിൽ പത്താം ക്ലാസിൽ 99.99 ശതമാനം വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93 ശതമാനം വിദ്യാര്‍ത്ഥികളും വിജയിച്ചു. കേരളത്തില്‍ പരീക്ഷയെഴുതിയ മുഴുവന്‍ പെണ്‍കുട്ടികളും വിജയിച്ചു.
അഖിലേന്ത്യ തലത്തില്‍ 2,695 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ഇത്തവണ പത്താം ക്ലാസ് ഐസിഎസ്ഇ പരീക്ഷ എഴുതിയിരുന്നു, ഇതില്‍ 82.48% (2,223) സ്‌കൂളുകൾ 100% വിജയം നേടി. 1,366 സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ ഐഎസ്‌സി (ക്ലാസ് XII) പരീക്ഷ എഴുതി. ഇതില്‍ 66.18% (904) സ്‌കൂളുകൾ 100% വിജയ ശതമാനം നേടി.
ഐസിഎസ്ഇയില്‍ ഇത്തവണ പെൺകുട്ടികളാണ് മികച്ച പ്രകടനം കാഴ്‌ചവെച്ചത്. 99.65 ശതമാനമാണ് വിജയശതമാനം. ആൺകുട്ടികളുടെ വിജയശതമാനം-99.31%. ഐഎസ്‌സിയില്‍ പെൺകുട്ടികൾ 98.92% വിജയ ശതമാനം നേടി. ആൺകുട്ടികൾ 97.53 വിജയ ശതമാനമാണ് നേടിയത്.
99,901 വിദ്യാര്‍ഥികളാണ് പത്താം ക്ലാസ് പരീക്ഷയെഴുതിയത്. ഇതില്‍ 52,765 (52.82%) വിദ്യാര്‍ഥികള്‍ ആൺകുട്ടികളും 47,136(47.18%) വിദ്യാര്‍ഥികള്‍ പെൺകുട്ടികളുമാണ്.
പടിഞ്ഞാറൻ മേഖലയാണ് പത്താം ക്ലാസിൽ ഏറ്റവും ഉയർന്ന വിജയ ശതമാനം നേടിയത്, 99.91%. ദക്ഷിണ മേഖല മേഖലയില്‍ 99.88 ശതമാനമാണ് വിജയം. അതേസമയം 12-ാം ക്ലാസിൽ ഉയർന്ന വിജയ ശതമാനം തെക്കൻ മേഖലയിലാണ്, 99.53%, പടിഞ്ഞാറൻ മേഖലയില്‍ 99.32 ശതമാനം പേരാണ് വിജയിച്ചത്.
1,088 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷയെഴുതിയിരുന്നു. ഇവരിൽ 98 പേരും 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. കാഴ്‌ച പരിമിതിയുള്ള 40 വിദ്യാർഥികളില്‍ 12 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി.
12-ാം ക്ലാസില്‍ 236 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 18 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. കാഴ്‌ച പരിമിതിയുള്ള 11 പേരില്‍ രണ്ട് വിദ്യാര്‍ഥികള്‍ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി.
www.cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളിൽ ഫലം നോക്കാം.
Also Read : എഐ സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ; ആദ്യബാച്ച് അധ്യാപകരുടെ പരിശീലനം പൂർത്തിയായി