ഹൈദരാബാദ് : തനിക്ക് വധഭീഷണിയുണ്ടെന്ന് എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. തന്നെ കൊല്ലുമെന്ന് നിരന്തരം എസ്എംഎസും ഫോൺ കോളുകളും വരുന്നുണ്ടെന്ന് ഒവൈസി പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം വർധിപ്പിക്കുകയാണെന്നും ഒവൈസി വിമർശിച്ചു. വ്യാഴാഴ്‌ച ഹൈദരാബാദിലെ ദാറുസ്സലാമിലെ പാർട്ടി ഓഫിസിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിലാണ് ഒവൈസി ഇക്കാര്യം വെളിപ്പെടുത്തിയത്.
ദളിതരുടെയും ദുർബല വിഭാഗങ്ങളുടെയും മുസ്ലീങ്ങളുടെയും പ്രശ്‌നങ്ങളിൽ ശബ്‌ദമുയർത്തുന്നതിനാലാണ് തനിക്ക് ഭീഷണിയുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ തൻ്റെ ഔദ്യോഗിക വസതിക്ക് നേരെ പലതവണ ആക്രമണം ഉണ്ടായെന്നും ഒവൈസി സൂചിപ്പിച്ചു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ ആറ് റൗണ്ട് വെടിയുതിർത്ത അക്രമികളിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും ഒവൈസി ചോദിച്ചു.
അസമിലെ മുസ്ലീം ജനസംഖ്യ 40 ശതമാനം കടന്നെന്ന് അസം മുഖ്യമന്ത്രി വ്യാജ പ്രചാരണം നടത്തുകയാണെന്നും യഥാർഥത്തിൽ 34 ശതമാനമാണ് ജനസംഖ്യ എന്നും ഒവൈസി വ്യക്തമാക്കി. മുസ്ലീങ്ങളെ അടിച്ചമർത്തുക എന്ന പദ്ധതി, കേന്ദ്ര സർക്കാരിനൊപ്പം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ മസ്‌ജിദുകൾ തകർക്കപ്പെടുന്നുവെന്നും മുസ്ലീങ്ങളുടെ വീടുകൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും ഒവൈസി ചൂണ്ടിക്കാട്ടി.