ഹൈദരാബാദ്: എല്ലാ വർഷവും സെപ്റ്റംബർ 17 'ഹൈദരാബാദ് വിമോചന ദിനം' (Hyderabad Liberation Day) ആയി ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രം. 1947 ആഗസ്‌റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും 13 മാസത്തിന് ശേഷമാണ് ഹൈദരാബാദിന് സ്വാതന്ത്ര്യം ലഭിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. ഹൈദരാബാദ് നിസാമുകളുടെ ഭരണത്തിന് കീഴിലായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തിൽ പറയുന്നു.
ഹൈദരാബാദ് വിമോചന ദിനാഘോഷത്തോടനുബന്ധിച്ച് അന്നേ ദിവസം ഔദ്യോഗിക പരിപാടികൾ നടക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തിൽ പറയുന്നു (September 17th Hyderabad Liberation Day). 'ഓപ്പറേഷൻ പോളോ' എന്ന പൊലീസ് നടപടിക്ക് ശേഷം 1948 സെപ്റ്റംബർ 17 ന് ഹൈദരാബാദ് നിസാമിൻ്റെ ഭരണത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടു. ഇതോടെ സെപ്റ്റംബർ 17 ഹൈദരാബാദ് വിമോചന ദിനമായി ആചരിക്കണമെന്ന് ജനങ്ങളിൽ നിന്ന് ആവശ്യമുയർന്നിരുന്നു.
'എല്ലാ വർഷവും സെപ്റ്റംബർ 17-ന് ഹൈദരാബാദ് വിമോചന ദിനം ആയി ആചരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് ഹൈദരാബാദിനെ മോചിപ്പിച്ച രക്തസാക്ഷികളെ ഓർക്കാനും യുവാക്കളുടെ മനസ്സിൽ ദേശ സ്നേഹത്തിൻ്റെ ജ്വാല ജ്വലിപ്പിക്കാനും വേണ്ടിയാണ്,' വിജ്ഞാപനത്തിൽ പറയുന്നു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ നിസാമിൻ്റെ റസാക്കർ സൈന്യം ഹൈദരാബാദ് ഭരണകൂടത്തോട് ഒന്നുകിൽ പാകിസ്ഥാനിൽ ചേരാനോ, അല്ലെങ്കിൽ ഇന്ത്യയുമായി ചേരാൻ തയ്യാറാകാതെ മുസ്ലീം ആധിപത്യമാകാനോ ആഹ്വാനം ചെയ്‌തു (September 17th Hyderabad Liberation Day). എന്നാല്‍ അതിന് തയ്യാറാകാതെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ വേണ്ടി ഈ പ്രദേശത്തെ ജനങ്ങൾ റസാക്കർ പടയുടെ അതിക്രമങ്ങൾക്കെതിരെ ധീരമായി പോരാടി. തുടര്‍ന്ന് 1948 സെപ്റ്റംബർ 17ന്, അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന സർദാർ വല്ലഭായ് പട്ടേൽ മുൻകൈയെടുത്ത സൈനിക നടപടിയെ തുടർന്നാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നത്.
ശേഷം നിസാമുകളുടെ ഭരണത്തിൻ കീഴിലായിരുന്ന അന്നത്തെ ഹൈദരാബാദ് സംസ്ഥാനം ഇന്ത്യൻ യൂണിയനിൽ ലയിച്ചു. 1948 സെപ്റ്റംബറിൽ ഇന്ത്യൻ സായുധ സേന ഹൈദരാബാദ് നാട്ടുരാജ്യത്തെ ഇന്ത്യയുടെ സ്വതന്ത്ര യൂണിയനുമായി സംയോജിപ്പിക്കാൻ നടത്തിയ ആ സൈനിക നടപടിയുടെ പേരായിരുന്നു ഓപ്പറേഷൻ പോളോ.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സെപ്റ്റംബർ 17 ന് 'ഹൈദരാബാദ് വിമോചന ദിനം' ആഘോഷിക്കുന്നതിനായി നരേന്ദ്ര മോദി സർക്കാർ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുത്തിരുന്നു.