ഹൈദരാബാദ് (തെലങ്കാന) : ഹൈദരാബാദിൽ കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നിടെ രണ്ട് പേർ പിടിയിൽ. അമൻ, അബ്‌ദുല്‍ മുഹമ്മദ് മൊബിൻ എന്നിവരാണ് പിടിയിലായത്. ഗ്രാമിന് 4000 രൂപ വിലവരുന്ന കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. എക്സൈസ് സ്‌റ്റേറ്റ് ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) സൂപ്രണ്ട് പ്രദീപ് റാവുവിന്‍റെ സംഘത്തിന് മുൻകൂട്ടി ലഭിച്ച വിവരമനുസരിച്ച് തർണാകയിലെ ലാലാപേട്ടയിൽ നടത്തിയ റെയ്‌ഡിലാണ് കഞ്ചാവ് പിടികൂടിയത്.
പിടിച്ചെടുത്ത കഞ്ചാവ് ഹൈബ്രിഡ് ആണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കടല്‍ മാര്‍ഗമോ കൊറിയറിലൂടെയോ ആണ് ബെംഗളൂരുവിലേക്ക് ഇത്തരത്തിലുള്ള ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്നത് എന്നാണ് വിവരം. ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദെത്തിച്ചാണ് വില്‍പന.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മറ്റൊരാളെ കൂടി എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു. കഞ്ചാവ് വിൽക്കുന്നതായി കണ്ടെത്തിയ നെഭിൽ നായിക്കാണ് അറസ്‌റ്റിലായ മൂന്നാമന്‍. അയാളിൽ നിന്നും 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കുറച്ചുകാലമായി ബെംഗളൂരുവിലേക്ക് പോയി വിദേശികളിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് വാങ്ങുന്നുണ്ടെന്ന് പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. മൂന്ന് പേരെയും റിമാൻഡ് ചെയ്‌തു.
ഹൈബ്രിഡ് കഞ്ചാവ് ആഫ്രിക്കയിലും അമേരിക്കയിലുമാണ് കൂടുതലായി കാണപ്പെടുന്നത്. അഫ്‌ഗാനിസ്ഥാൻ്റെ അതിർത്തിയിലുള്ള ഹിന്ദുകുഷ് പർവതനിരകളിലാണ് ഇത് വളരുന്നത് എന്നാണ് വിവരം. അതിനാൽ ഇതിനെ കുഷ് എന്നാണ് വിളിക്കുന്നത്.
ഇതിൽ 26 ശതമാനം സൈക്കോ ആക്റ്റീവ് കെമിക്കൽ ടിഎച്ച്സി (Tetrahydrocannabinol) അടങ്ങിയിട്ടുണ്ട്. അതു കൊണ്ട് തന്നെ സാധാരണ കഞ്ചാവിനെക്കാള്‍ ലഹരിയാണ് ഹൈബ്രിഡ് കഞ്ചാവ് നല്‍കുന്നത്. ഹൈദരാബാദിൽ ആദ്യമായാണ് ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ALSO READ : ഫറോക്കിൽ 10 കിലോ കഞ്ചാവുമായി യുവാവ് അറസ്‌റ്റിൽ