ബെംഗളൂരു : മനുഷ്യമനസ് വളരെ ദുരൂഹമാണെന്ന് കര്‍ണാടക ഹൈക്കോടതി. മനസിലുള്ള രഹസ്യങ്ങള്‍ വെളിപ്പെടാന്‍ വളരെ ബുദ്ധിമുട്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു ആത്മഹത്യ കേസ് കോടതി തള്ളി. പള്ളിവികാരിയെ ഒരാള്‍ ആത്മഹത്യയിലേക്ക് തള്ളിവിട്ടു എന്ന കേസ് തള്ളവെയാണ് കോടതിയുടെ ഈ പരാമര്‍ശങ്ങള്‍.
തനിക്കെതിരെ എടുത്ത കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി സ്വദേശിയായ ഡേവിഡ് ഡിസൂസ എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് എം നാഗപ്രസന്ന ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഡേവിഡ് ഡിസൂസയുടെ ഭാര്യയുമായി ആത്മഹത്യ ചെയ്‌ത വികാരിക്ക് ബന്ധമുണ്ടായിരുന്നു. ഇക്കാര്യം പുറത്ത് വന്നതോടെയാണ് വികാരി ആത്മഹത്യ ചെയ്‌തത്. 2019 ഒക്‌ടോബര്‍ 11നാണ് വികാരി ആത്മഹത്യ ചെയ്‌തത്. 2020 ഫെബ്രുവരി 26ന് ഡേവിഡ് ഡിസൂസക്കെതിരെ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. വികാരി മഹേഷ് ആത്മഹത്യ ചെയ്യും മുമ്പ് ഡേവിഡ് ഡിസൂസയുമായി ഫോണില്‍ സംസാരിച്ചതായും പറയുന്നു.
ഒരാള്‍ക്ക് ആത്മഹത്യ ചെയ്യാന്‍ നിരവധി കാരണങ്ങളുണ്ടാകാം. അതിലൊരു കാരണം ഒരു പള്ളിവികാരിയായിരിക്കെ ഒരു സ്‌ത്രീയുമായി ബന്ധമുണ്ടായിരുന്നതുമാകാം എന്നും കോടതി ചൂണ്ടിക്കാട്ടി. അത് കൊണ്ട് തന്നെ കേസില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നത് നിയമസംവിധാനത്തെ ദുരുപയോഗപ്പെടുത്തലായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു. അത് കൊണ്ട് തന്നെ കേസ് തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി.
മരിച്ച വികാരിയുടെ ഫോണിലേക്ക് മൂന്ന് കോളുകള്‍ തൊട്ടുമുമ്പ് വന്നിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുമുണ്ട്. കൊങ്കിണി ഭാഷയിലാണ് സംസാരിച്ചത്. വികാരിയെ അസഭ്യം പറയുന്നുണ്ട് ഇതില്‍. തന്‍റെ ഭാര്യയ്ക്ക് എന്തിനാണ് സന്ദേശങ്ങള്‍ അയക്കുന്നതെന്ന് ചോദിക്കുന്നു. പള്ളിയിലെത്തി തല്ലുമെന്നും പറയുന്നു. ഈ ബന്ധം താന്‍ വെളിപ്പെടുത്തുമെന്ന ഭീഷണിയും ഉയര്‍ത്തുന്നു. താന്‍ ആത്മഹത്യ ചെയ്തോളൂ എന്നും അവളും ആത്മഹത്യ ചെയ്യുമെന്നും പറയുന്നു.
ഇതിന് ശേഷമാണ് വികാരി മഹേഷ് ആത്മഹത്യ ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ഇയാള്‍ക്കെതിരെ 2021 സെപ്റ്റംബര്‍ ഒന്‍പതിന് കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇതിനെ ചോദ്യം ചെയ്‌ത് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.
Also Read: സൽമാൻ ഖാന്‍റെ വീടിനുനേരെ വെടിയുതിർത്ത കേസ് : പ്രതികളിലൊരാൾ ലോക്കപ്പിൽ ആത്മഹത്യ ചെയ്‌തു
തന്‍റെ രഹസ്യബന്ധം പുറത്തറിയുമെന്നുള്ള ഭയമാണ് വികാരിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഇതിന് ആരോപണ വിധേയനായ വ്യക്തി ഉത്തരവാദിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.