ഹുബ്ബളി (കർണാടക): ഹുബ്ബളി വീരപുരയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന പ്രതി പിടിയില്‍. അഞ്ജലിയെ എന്ന 20 കാരിയെ കൊലപ്പെടുത്തിയ വിശ്വ എന്ന ഗിരീഷ് (21) ആണ് അറസ്‌റ്റിലായത്. വ്യാഴാഴ്‌ച (മെയ് 16) രാത്രി ദാവൻഗരെയിൽ നിന്നാണ് ഹുബ്ബളി - ധാർവാഡ് പൊലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
പിടിയിലാകുമ്പോൾ ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു വിശ്വ. ഇയാൾ നിലവിൾ ഹുബ്ബളി കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രണയം നിരസിച്ചെന്ന് ആരോപിച്ച് മെയ് 15ന് പുലർച്ചെയാണ് വിശ്വ അഞ്ജലിയെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഹുബ്ബളി - ധാർവാഡ് സിറ്റി പൊലീസ് കമ്മീഷണർ രേണുക സുകുമാർ ഹുബ്ബളി കിംസ് ആശുപത്രിയിൽ എത്തി വിവരങ്ങൾ ചോദിച്ച് അറിഞ്ഞു. ബുധനാഴ്‌ച പുലർച്ചെ അഞ്ജലിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി ഉറങ്ങിക്കിടന്ന അഞ്ജലിയുടെ നെഞ്ചിലും വയറിലും കഴുത്തിലും കത്തികൊണ്ട് വെട്ടിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് നിരവധി സംഘടനകൾ രംഗത്തെത്തി. കേസ് അന്വേഷിക്കാൻ 8 അംഗ പ്രത്യേക പൊലീസ് സംഘത്തെയും രൂപീകരിച്ചു.
കമ്മീഷണറുടെ പ്രതികരണം: അഞ്ജലിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഇന്നലെ രാത്രി റെയിൽവേ പൊലീസിന്‍റെ സഹായത്തോടെ ദാവണഗരെയിൽ വെച്ച് അറസ്‌റ്റ് ചെയ്‌തതായി മാധ്യമങ്ങളോട് സംസാരിക്കവെ പൊലീസ് കമ്മീഷണർ രേണുക സുകുമാർ പറഞ്ഞു.
'തലയിലും മുഖത്തും സാരമായ പരിക്കുള്ളതിനാൽ ഒന്നും പറയാൻ കഴിയുന്ന അവസ്ഥയിലല്ല. പ്രതി ഇപ്പോൾ ഹുബ്ബളിയിലെ കിംസ് ആശുപത്രിയിൽ ചികിൽസയിലാണ്. ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റതായും വിവരമുണ്ട്. എന്തിനു വീണു, എങ്ങനെ വീണു എന്ന് സ്ഥിരീകരിക്കണമെങ്കിൽ അയാൾ തന്നെ മൊഴി നൽകണം. അപ്പോൾ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ. പുലർച്ചെ 4.30 ഓടെയാണ് ഇയാളെ റെയിൽവേ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.' കമ്മീഷണർ പറഞ്ഞു.
ബുധനാഴ്‌ചയാണ് (മെയ് 15) ബെണ്ടിഗേരി പൊലീസ് സ്‌റ്റേഷനിൽ ഇയാൾക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്‌റ്റർ ചെയ്‌തത്. ഈ പശ്ചാത്തലത്തിൽ പ്രതിയെ കണ്ടെത്താൻ 8 ടീമുകൾ രൂപീകരിച്ചു. കൊലപാതകത്തിന് ശേഷം പിടിക്കപ്പെടാതിരിക്കാൻ ഇയാൾ ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്‌തുവരികയായിരുന്നു. പ്രതിക്കെതിരെ നാല് ബൈക്ക് മോഷണക്കേസുകളുണ്ടെന്നും കമ്മീഷണർ രേണുക സുകുമാർ അറിയിച്ചു.
റെയിൽവേ പൊലീസിന്‍റെ പ്രതികരണം: ഇന്നലെ, പ്രതി ഗിരീഷ് ഓടുന്ന ട്രെയിനിൽ വച്ച് ഒരു സ്‌ത്രീയുമായി വഴക്കിട്ടതായും, കത്തി എടുത്ത് ആക്രമിക്കാൻ ശ്രമിച്ചതായും വിവരങ്ങൾ ലഭ്യച്ചെവെന്ന് ദാവൻഗരെ റെയിൽവേ പൊലീസ് സ്‌റ്റേഷനിലെ പിഎസ്ഐ നാഗരാജ് ഇടിവി ഭാരതിനോട് പറഞ്ഞു. തുടർന്ന് യുവതി നിലവിളിക്കുകയും യുവതിയുടെ വീട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് ഗിരീഷിനെ മർദിക്കാൻ ശ്രമിച്ചപ്പോൾ ട്രെയിനിൽ നിന്ന് ചാടി അയാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. പ്രതിക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം, ഇയാളെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ, ഹുബ്ബളിയിലെ പെൺകുട്ടിയെ കൊലപ്പെടുത്തിയ വ്യക്തിയാണെന്ന് മനസ്സിലായതായും പിഎസ്‌ഐ അറിയിച്ചു.
പ്രതി പറഞ്ഞതിങ്ങനെ: "ഞാൻ മൈസൂരിൽ നിന്ന് ഹുബ്ബളിയിലേക്ക് ട്രെയിനിൽ പുറപ്പെട്ടു, എന്‍റെ കൈയിൽ കത്തി ഇല്ലായിരുന്നു. യാത്രയ്‌ക്കിടെ ഞാൻ ട്രെയിനിൽ നിന്ന് വീണു, ഞാൻ എവിടെയാണ് വീണതെന്ന് എനിക്കറിയില്ല, എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല," എന്നാണ് റെയിൽവേ പൊലീസ് അന്വേഷണത്തിൽ പ്രതി പറഞ്ഞത്.
Also Read: പെൺ സുഹൃത്തിനെ ഹോട്ടല്‍ മുറിയിലെത്തിച്ച് കൊന്ന് ബാഗിലാക്കി; യുവാവ് പിടിയില്‍