ന്യൂഡൽഹി : വരാനിരിക്കുന്ന ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ കഴിഞ്ഞ ദിവസമാണ് ഇലക്ഷൻ കമ്മിഷൻ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വിവിധ രാഷ്‌ട്രീയ പാർട്ടികൾ. ഒരു ജനാധിപത്യ രാജ്യത്ത്, രാഷ്‌ട്രത്തിന്‍റെ വികസനവും പൗരന്മാരുടെ ക്ഷേമവും ഉറപ്പാക്കുന്നതിൽ ഒരു സർക്കാർ സുപ്രധാന പങ്ക് വഹിക്കുന്നു.
അതിനാൽ, വോട്ട് രേഖപ്പെടുത്തേണ്ടത് പൗരന്മാരുടെ ഉത്തരവാദിത്തമാണ്. ഇതിനായി പൗരന്മാർക്ക് സാധുവായ വോട്ടർ ഐഡി ഉണ്ടായിരിക്കണം. തെരഞ്ഞെടുപ്പ് വേളയിൽ പൗരന്മാർക്കുള്ള പ്രാഥമിക തിരിച്ചറിയൽ രേഖയായി വോട്ടർ ഐഡി പ്രവർത്തിക്കുന്നു. 18 വയസ് തികഞ്ഞവരും ആദ്യമായി വോട്ട് ചെയ്യുന്നവരും വോട്ടർ ഐഡി കാർഡ് ഉണ്ടാക്കേണ്ടതുണ്ട്.
നിങ്ങൾക്ക് ഇപ്പോഴും ഒരു വോട്ടർ ഐഡി ഇല്ലെങ്കിൽ, ഓൺലൈനായോ ഓഫ്‌ലൈനായോ ഇതിനായി അപേക്ഷിക്കാവുന്നതാണ്. അതിനുമുൻപായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
വോട്ടർ ഐഡി കാർഡിനുള്ള യോഗ്യത മാനദണ്ഡം : പൗരന്മാരെ സംബന്ധിച്ചിടത്തോളം വോട്ടർ ഐഡി കാർഡ് ഒരു പ്രധാന രേഖയായി വർത്തിക്കുന്നു. നിങ്ങൾക്ക് വോട്ടർ കാർഡ് ഒരു തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാൻ കഴിയും. വോട്ടർ ഐഡി ലഭിക്കണമെങ്കിൽ നിങ്ങൾ ഇന്ത്യൻ പൗരനായിരിക്കണം. 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും രാജ്യത്ത് വോട്ട് ചെയ്യാൻ അർഹതയുണ്ട്.
വോട്ടർ ഐഡി കാർഡിന് ആവശ്യമായ രേഖകൾ : നിങ്ങൾ വോട്ടർ ഐഡി കാർഡിന് അപേക്ഷിക്കുമ്പോൾ ചില രേഖകൾ നൽകേണ്ടതായി വരും. പാസ്‌പോർട്ട് സൈസ് ഫോട്ടോ, വയസ് തെളിയിക്കുന്നതിന് ജനന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, മേൽവിലാസ തെളിവ് (അഡ്രസ് പ്രൂഫ്) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വോട്ടർ ഐഡി കാർഡിന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?
- ഇതിനായി ആദ്യം നിങ്ങൾ voters.eci.gov.in ൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- 'ജനറൽ ഇലക്‌ടർമാർക്കുള്ള പുതിയ രജിസ്‌ട്രേഷനുകൾ' (New Registrations for General Electors), ഫോം 6 ൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് പേജിൽ ലോഗിൻ ചെയ്യുക.
- ഒരു അക്കൗണ്ട് സൃഷ്‌ടിച്ചുകഴിഞ്ഞാൽ, ഫോം 6 പൂരിപ്പിക്കുക. എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകളും ഫോട്ടോയും അപ്‌ലോഡ് ചെയ്യുക.
- എല്ലാ വിശദാംശങ്ങളും പരിശോധിച്ച് അപേക്ഷിക്കുക.
- നിങ്ങൾക്ക് ഓൺലൈനായി ആപ്ലിക്കേഷൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം.
ഓഫ്‌ലൈനായി എങ്ങനെ വോട്ടർ ഐഡി കാർഡിന് അപേക്ഷിക്കാം?
- ഓഫ്‌ലൈനായാണ് നിങ്ങൾ വോട്ടർ ഐഡി കാർഡിന് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ആദ്യം ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫിസർ (Electoral Registration Officer-ERO) ഓഫിസ് സന്ദർശിക്കുക.
- ഫോം 6 പൂരിപ്പിക്കുക.
- ആവശ്യമായ രേഖകളുടെ സെൽഫ് അറ്റാച്ചഡ് പകർപ്പുകൾ സമർപ്പിക്കുക.
- ആവശ്യമായ രേഖകൾ സഹിതം അപേക്ഷ ഉദ്യോഗസ്ഥന് കൈമാറുക.