ഇന്ത്യന്‍ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും വിവിധ വരുമാനക്കാരായ ജനങ്ങളുടെ ജീവിത നിലവാരം ക്ഷേമം എന്നിവയെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകളടങ്ങിയ സര്‍വേ റിപ്പോര്‍ട്ട് വികസന ആസൂത്രണത്തില്‍ അതി പ്രധാനമാണ്. ഇക്കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ 2022-23 വര്‍ഷത്തെ ഗാർഹിക ഉപഭോഗ ചെലവ് സർവേ (HCES)റിപ്പോര്‍ട്ട് പുറത്തിറക്കിയത്. സാമ്പത്തിക നയ രൂപീകരണത്തിലും വികസന ആസൂത്രണത്തിലും സുപ്രധാനമായ നിരവധി സ്ഥൂല സാമ്പത്തിക സൂചകങ്ങളടങ്ങുന്നതാണ് സര്‍വേ റിപ്പോര്‍ട്ട്.
പ്രത്യേകിച്ച് വിവിധ ഇനങ്ങളിൽ കുടുംബങ്ങളുടെ പ്രതിമാസ പ്രതിശീർഷ ചെലവ് ( MPCE) ഏതു തരത്തിലായിരുന്നു എന്നതിനെ അടിസ്ഥാനമാക്കി തയാറാക്കിയ ഉപഭോക്തൃ വില സൂചിക പോലുള്ള നിര്‍ണ്ണായക സ്ഥിതി വിവരക്കണക്കുകള്‍ സര്‍വേ റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യന്‍ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും വിവിധ വരുമാനക്കാരായ ജനങ്ങളുടെ ജീവിത നിലവാരം,ക്ഷേമം എന്നിവയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും സർവേ നമ്മെ അറിയിക്കുന്നു.
മുമ്പത്തെ സർവേകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണത്തെ എച്ച് സി ഇ എസ് (HCES) സർവേ രീതി ശാസ്ത്രത്തിന്‍റെ കാര്യത്തിൽ കൂടുതൽ മികവുറ്റതാണ്. 11 വർഷത്തിന് ശേഷമാണ് ഗാർഹിക ഉപഭോഗ ചെലവ് സർവേ (HCES)റിപ്പോര്‍ട്ട് വരുന്നത്. മുന്‍ റിപ്പോര്‍ട്ടുകളെ അപേക്ഷിച്ച് 2022-23- ലെ HCES റിപ്പോര്‍ട്ടില്‍ 58 അധിക വിഭാഗങ്ങളുണ്ട്. ഭക്ഷ്യവസ്‌തുക്കൾ, ഈടു നില്‍ക്കുന്ന വസ്‌തുക്കൾ, സേവന രംഗം, എന്നീ വിഭാഗങ്ങളിലായി വീട്ടുകാര്‍ക്ക് വരുന്ന ചെലവുകളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് മൂന്ന് വ്യത്യസ്‌ത ചോദ്യാവലികളാണ് ഇത്തവണത്തെ സര്‍വേ ഉപയോഗിച്ചത്.
മുൻകാലങ്ങളില്‍ ഒരൊറ്റ ചോദ്യാവലി ഉപയോഗിച്ചായിരുന്നു വിവര ശേഖരണം. നാലു മാസം കൂടുമ്പോള്‍ ഓരോ വീട്ടിലും എത്തി ഈ മൂന്ന് ചോദ്യാവലികളുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ശേഖരിക്കും. പേനയും കടലാസുമുപയോഗിച്ചുള്ള പഴയ അഭിമുഖ രീതിക്കു പകരം ആധുനിക ശൈലിയില്‍ താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ കമ്പ്യൂട്ടർ സഹായത്തോടെ വ്യക്തിഗത അഭിമുഖം നടത്തിയാണ് ഡാറ്റ ശേഖരിച്ചത്.
നീതി ആയോഗ് സി ഇ ഒ , ബി വി ആര്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടുന്നതു പോലെ വളരെ ആശാവഹമായ നിരവധി സൂചനകള്‍ സര്‍വേ ഡാറ്റയില്‍ കാണാനുണ്ട്. ഒപ്പം വളരെ പ്രസക്തമായ ഏതാനും ചോദ്യങ്ങളും സര്‍വേ റിപ്പോര്‍ട്ട് ഉന്നയിക്കുന്നു. ഗ്രാമ-നഗര അസമത്വം ഇന്ത്യയില്‍ കുറഞ്ഞു വരുന്നുവെന്നതാണ് ശ്രദ്ധേയമായ ഒരു സൂചന.
ഗ്രാമങ്ങളിലെയും നഗരങ്ങളിലേയും കുടുംബങ്ങളുടെ പ്രതിശീര്‍ഷ മാസ ചെലവ് തമ്മിലുള്ള അന്തരം വന്‍ തോതില്‍ കുറഞ്ഞു വരുന്നു. 2004-2005 ലെ 90.8 ശതമാനത്തില്‍ നിന്ന് 2022-23 ലെത്തുമ്പോള്‍ 20 ശതമാനം കണ്ട് അന്തരം കുറഞ്ഞിരിക്കുകയാണ്. ഗ്രാമ നഗര കുടുംബങ്ങളുടെ പ്രതിമാസ പ്രതിശീര്‍ഷ ചെലവിലെ അന്തരം കുറഞ്ഞു വരുന്നത് സാമ്പത്തിക സ്ഥിതി സമത്വത്തിന്‍റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അന്തരം കുറഞ്ഞെങ്കിലും ഗ്രാമ നഗര മേഖലയിലെ ജനങ്ങള്‍ ചെലവിടുന്ന തുകയുടെ കാര്യത്തില്‍ വലിയ വ്യത്യാസം നില നില്‍ക്കുന്നുണ്ട്. ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി നഗരങ്ങളിലുള്ളവര്‍ പ്രതി മാസം 6459 രൂപ ചെലവഴിക്കുമ്പോള്‍ ഗ്രാമങ്ങളിലുള്ളവര്‍ പ്രതിമാസം ചെലവഴിക്കുന്നത് 3773 രൂപയാണ്.
ഈ അന്തരം സാമ്പത്തിക അസമത്വം ഇല്ലാതാക്കുന്നതിലും ഗ്രാമ-നഗര വ്യത്യാസമില്ലാതെ വിഭവങ്ങളും അവസരങ്ങളും തുല്യമായി പങ്കുവെക്കപ്പെടുകയും ചെയ്യുന്നതിന് തടസമായി നില്‍ക്കുന്നു. ഈ വിടവിന് കാരണമാകുന്ന അടിസ്ഥാന ഘടകങ്ങൾ മനസിലാക്കി എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനും ഇടപെടലുകൾ രൂപപ്പെടുത്തുന്നതിനും കൂടുതൽ വിശകലനങ്ങള്‍ ആവശ്യമാണ്.
1999-2000 മുതൽ 2022-23 വരെയുള്ള കാലത്ത് ഗ്രാമങ്ങളിലും നഗരങ്ങളിലും ധാന്യങ്ങൾക്കും ഭക്ഷ്യവസ്‌തുക്കൾക്കുമുള്ള ചെലവുകളുടെ വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായി. കൂടുതൽ വരുമാനം മറ്റ് ചരക്കുകൾക്കും സേവനങ്ങൾക്കുമായി വിനിയോഗിക്കാൻ കുടുംബങ്ങൾക്ക് സാധിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത് .
ഏംഗല്‍ നിയമ പ്രകാരം ഗാർഹിക വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച്, ഭക്ഷണത്തിനായി ചെലവഴിക്കുന്ന വരുമാനത്തിന്‍റെ തോത് കുറയുകയും കൂടുതൽ പണം മറ്റ് ചരക്കുകളിലേക്കും സേവനങ്ങളിലേക്കും പോകുകയും ചെയ്യുന്നു. എന്നാല്‍ ഭക്ഷണച്ചെലവ് കുറയുമ്പോഴും, നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും കുടുംബങ്ങൾ പാനീയങ്ങൾക്കും സംസ്‌കരിച്ച ഭക്ഷണങ്ങൾക്കുമായി കൂടുതല്‍ തുക ചെലവഴിക്കുന്നതായി സർവേ ഡാറ്റ വെളിപ്പെടുത്തുന്നു.
അങ്ങനെ, ഈ ഇനങ്ങള്‍ക്ക് വേണ്ടി ചെലവാക്കുന്ന വരുമാന വിഹിതം നഗരങ്ങളിൽ 4.29% വും ഗ്രാമീണ ഇന്ത്യൻ കുടുംബങ്ങളിൽ 5.43% വും കണ്ട് വർദ്ധിച്ചു. ഈ മാറ്റം, മാറിക്കൊണ്ടിരിക്കുന്ന ഉപഭോഗ രീതികൾക്ക് അടിവരയിടുന്നു. പോഷക സമൃദ്ധമായ പ്രോട്ടീനുകളടങ്ങിയ ധാന്യങ്ങളും പയറു വര്‍ഗങ്ങളും പാലും പാലുല്‍പ്പന്നങ്ങളും വാങ്ങിക്കാന്‍ ഗ്രാമ നഗര ഭേദമില്ലാതെ ആളുകള്‍ വിമുഖത കാട്ടുന്നു എന്നാണ് ഇത് കാണിക്കുന്നത്.
ഗാർഹിക ചെലവുകളിൽ സംസ്‌കരിച്ച ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും വർദ്ധിച്ചുവരുന്ന പ്രാധാന്യം ഉയർത്തിക്കാട്ടുന്നതോടൊപ്പം ഇത് ഭക്ഷണ രീതികളില്‍ വരുന്ന മാറ്റവും ജീവിതശൈലി മാറ്റവും പ്രതിഫലിപ്പിക്കുന്നു. പാൻ, പുകയില, ലഹരിവസ്‌തുക്കൾ എന്നിവയുടെ ചെലവിൽ വർധനവുണ്ടായതായും കണക്കുകൾ വെളിപ്പെടുത്തുന്നു. 2009-10 നെ അപേക്ഷിച്ച് 2022-23 ല്‍ ഉണ്ടായിരിക്കുന്ന ഈ വര്‍ധനവിനുള്ള കാരണങ്ങള്‍ സൂക്ഷ്‌മമായിത്തന്നെ വിശകലനം ചെയ്യപ്പെടണം.
കുടുംബങ്ങൾക്ക് സർക്കാരിൽ നിന്ന് ഭക്ഷണവും ഭക്ഷ്യേതര വസ്‌തുക്കളും ലഭിക്കുന്നുണ്ട്. ഇത് അവരുടെ മൊത്തത്തിലുള്ള ഉപഭോഗം വർദ്ധിപ്പിക്കുന്നു, സ്വതന്ത്രമായ ഫണ്ടുകൾ അനാരോഗ്യകരമായ ചെലവുകളിലേക്കാണ് നയിക്കുന്നതെന്ന് തോന്നുന്നു.
അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാമ്പത്തിക സഹായം ലഭിച്ചിട്ടും, വീട്ടുകാർ അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഉപകാരപ്പെടാത്ത ഇനങ്ങള്‍ വാങ്ങുന്നതിനാണ് വരുമാനത്തിന്‍റെ ഗണ്യമായ പങ്ക് നീക്കി വെക്കുന്നതെന്നാണ് ഈ പ്രവണത സൂചിപ്പിക്കുന്നത്. അധിക വിഭവങ്ങൾ അനുവദിക്കുന്നതായി സൂചിപ്പിക്കുന്നു.
ആരോഗ്യകരമായ ജീവിതശൈലികളെയും ഉപഭോഗ ശീലങ്ങളെയും പിന്തുണയ്ക്കുന്ന തരത്തിലുള്ള നയങ്ങളും തീരുമാനങ്ങളും വേണം എന്നതിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. മൂന്നാമതായി, സേവനങ്ങളുടെയും ഈടു നില്‍പ്പുള്ള വസ്‌തുക്കളുടെയും വിഭാഗത്തിൽ ഗ്രാമ നഗര വ്യത്യാസമില്ലാതെ ഇന്ത്യന്‍ കുടുംബങ്ങള്‍ കാര്യമായി ചെലവ് ചെയ്യുന്നതായി സര്‍വേ റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
ഭാവിയില്‍ , ഭക്ഷ്യ വസ്‌തുക്കളുടെ വിലക്കയറ്റം നിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നതു പോലെ സേവനങ്ങളുമായും ഈടുനിൽക്കുന്ന വസ്‌തുക്കളുമായും ബന്ധപ്പെട്ട പണപ്പെരുപ്പം നിരീക്ഷിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാകും.
വിവിധ സാമ്പത്തിക വരുമാന ശ്രേണിയിലുള്ളവരുടെ ഉപഭോഗച്ചലവും അവരുടെ സാമ്പത്തികശേഷിയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന ശ്രദ്ധേയ വസ്‌തുത ഈ കണക്കുകള്‍ക്കിടയില്‍ മങ്ങിപ്പോവുകയാണ്. ഏറ്റവും താഴെയുള്ള അഥവാ പൂജ്യം മുതല്‍ അഞ്ച് ശതമാനം വരെയുള്ള വരുമാന ഗ്രൂപ്പില്‍ പ്രതിമാസ ഉപഭോഗച്ചെലവുകളിലെ ഗ്രാമ നഗര വ്യത്യാസം വെറും 628 രൂപയാണ്. ഏറ്റവും ഉയര്‍ന്ന വരുമാന ശ്രേണിയായ 95- 100 ശതമാനം വിഭാഗത്തിലെത്തുമ്പോള്‍ ഇതേ പ്രതിമാസ ഉപഭോഗച്ചെലവിലെ ഗ്രാമ നഗര വ്യത്യാസം 10323 രൂപയായി മാറുന്നു.
ഈ അസമത്വം വിഭവങ്ങളുടെ തുല്യമല്ലാത്ത വിതരണത്തിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. ജനതയുടെ വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള സാമൂഹിക സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഇടപെടലുകളുടെ ആവശ്യകതയാണ് ഇത് അടിവരയിടുന്നത്.
തീർച്ചയായും, സർവേ ആശാവഹമായ ചില സൂചനകള്‍ മുന്നോട്ടു വെക്കുന്നുണ്ട്. അതേ സമയം തുടര്‍ന്നു വരുന്ന നയങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നുള്ള ആശങ്കകളും പങ്കു വെക്കുന്നു.