ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാന കൊല. ചെന്നൈ പള്ളിക്കരണി സ്വദേശിയായ പ്രവീൺ (24) ആണ് കൊല്ലപ്പെട്ടത്. 23 വയസ്സ് പ്രായമുള്ള പ്രവീണിന്‍റെ ഭാര്യാസഹോദരൻ ജല്ലാടിയംപേട്ട സ്വദേശി ദിനേശും ഇയാളുടെ സുഹൃത്തുക്കളും ചേർന്നാണ് കൊല നടത്തിയത്. സഹോദരിയായ ശർമിള പ്രേമിച്ച് വിവാഹം ചെയ്‌ത പ്രവീൺ അന്യജാതിക്കാരനായതാണ് കൊലയ്ക്ക് കാരണമായത് (Honour Killing at Tamil Nadu).
സംഭവത്തിലുൾപ്പെട്ട ദിനേശ് എന്ന കുട്ടി അപ്പു (23), ഇയാളുടെ സുഹൃത്തുക്കളായ വിഷ്‌ണുരാജ് (25), ശ്രീപൻകുമാർ (24), ജോതിലിംഗം (25), ശ്രീറാം (18) എന്നിവരെ സ്പെഷ്യൽ പൊലീസ് വിഭാഗം മാമ്പാക്കത്ത് നിന്ന് അറസ്‌റ്റ് ചെയ്‌തു. കുടുംബത്തിന്‍റെ എതിർപ്പ് അവഗണിച്ച് തന്‍റെ സഹോദരിയെ വിവാഹം കഴിച്ചതിനാലാണ് കൊല നടത്തിയതെന്ന് ദിനേശ് പൊലീസിനോട് കുറ്റസമ്മതം നടത്തി. സംസാരിക്കാനെന്ന വ്യാജേന പ്രവീണിനെ പള്ളിക്കരണൈയിലെ ബാറിലേക്ക് വിളിച്ചുവരുത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് കുറ്റസമ്മതം.
ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ഉടൻ ക്രോംപേട്ട സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെട്ടത്. നാല് മാസം മുൻപ് വ്യത്യസ്‌ത ജാതികളിൽപ്പെട്ട പ്രവീണും ശർമിളയും വിവാഹം കഴിച്ചിരുന്നു. ശർമിളയുടെ വീട്ടുകാരുടെ കടുത്ത എതിർപ്പ് മറികടന്നായിരുന്നു വിവാഹം. വിവാഹത്തിന് പിന്നാലെ പ്രവീണിന് ശർമിളയുടെ കുടുംബത്തിൽ നിന്നും ഭീഷണിയുണ്ടായിരുന്നു.
കൊല നടന്നതിന് പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാൻ യുവതിയുടെ കുടുംബത്തിന് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.