ന്യൂഡല്‍ഹി : ഡൽഹി ആർ കെ പുരത്തെ പബ്ലിക് സ്‌കൂളിലെ വ്യാജ ബോംബ് ഭീഷണിക്ക് പിന്നിലുള്ള പ്രതി ഡാർക്ക് വെബിലൂടെയാണ് ഇ മെയിൽ അയച്ചതെന്ന് പൊലീസ് ബുധനാഴ്‌ച (07-02-2024) പറഞ്ഞു (Suspect Used Dark Web To Send Hoax Bomb Threat Mail To Delhi Public School RK Puram). ഇ മെയില്‍ അയച്ചതെന്ന് സംശയിക്കുന്നയാൾ ഡാർക്ക് വെബിൽ പ്രവേശിച്ചു, അതിലൂടെ അവർ ഇ മെയിൽ അയയ്ക്കാൻ ഒരു വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ) ഉപയോഗിച്ചുവെന്നാണ് പൊലീസ് നിഗമനം.
ആർകെ പുരത്തെ ഡൽഹി പൊലീസ് സ്‌കൂൾ ഇൻസ്‌റ്റിറ്റ്യൂട്ടിൻ്റെ പരിസരത്ത് ബോംബ് ഉണ്ടെന്ന് ഇ മെയിൽ ലഭിച്ചതിനെ തുടർന്ന് ഡൽഹി പൊലീസ് കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് (02-02-2024) കേസെടുത്തത്. മുൻകരുതൽ നടപടിയെന്ന നിലയിൽ എല്ലാ വിദ്യാർഥികളെയും സ്‌കൂൾ പരിസരത്ത് നിന്ന് ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ശേഷം സ്‌കൂൾ പരിസരത്ത് തെരച്ചിൽ ആരംഭിച്ചു. പക്ഷേ, സംശയാസ്‌പദമായ ഒന്നും തന്നെ കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.
ഈ വിഷയത്തിൽ പൊലീസിന്‍റെ അന്വേഷണം നടന്നുവരികയാണ്. അതേസമയം സംഭവത്തിന് പിന്നിൽ സ്‌കൂളിലെ ചില വിദ്യാർഥികളാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
കേന്ദ്രീയ വിദ്യാലയത്തില്‍ സ്‌ഫോടനം നടക്കും; ബോംബ് വച്ചതായി ഇ മെയില്‍, ബെംഗളൂരുവില്‍ വീണ്ടും വ്യാജ ഭീഷണി : ബെംഗളൂരു നഗരത്തിലെ വിദ്യാലയങ്ങള്‍ക്ക് നേരെ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ ബോംബ് ഭീഷണി. കേന്ദ്രീയ വിദ്യാലയത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയാണ് ഇക്കുറി ഇമെയിലിലെത്തിയത്. സംഭവത്തില്‍ യശ്വന്ത്പൂര്‍ പൊലീസ് കേസെടുത്തു (Hoax bomb threat e-mail to school).
കേന്ദ്രീയ വിദ്യാലയത്തിന്‍റെ ഇമെയിലിലേക്ക് sahukarisrinuvasarao65@gmail.com എന്ന വിലാസത്തില്‍ നിന്നാണ് ഇ മെയില്‍ വന്നിരിക്കുന്നത്. ജനുവരി 28ന് രാവിലെ 7.37നാണ് മെയില്‍ വന്നിട്ടുള്ളത്. സ്‌കൂളിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. രാവിലെ 10.20ഓടെ വലിയ സ്ഫോടനം നടക്കുമെന്നും സൂചനയുണ്ടായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസും ബോംബ് നിര്‍വീര്യ സംഘവും ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഇതൊരു വ്യാജ ബോംബ് ഭീഷണി ആയിരുന്നുവെന്ന് വ്യക്തമായി.
ഡിസംബര്‍ ഒന്നിന് 68 സ്‌കൂളുകളില്‍ ബോംബ് വച്ചതായും ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതില്‍ ബെംഗളൂരു നഗരത്തിലെ 48 വിദ്യാലയങ്ങളും ഗ്രാമീണ മേഖലയിലെ 20 സ്‌കൂളുകളും ഉള്‍പ്പെട്ടിരുന്നു. ഈ ഭീഷണിയും ഇമെയിലിലാണ് വന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വ്യാജമായിരുന്നുവെന്ന് കണ്ടെത്തി. നാഷണൽ, വിദ്യാശിൽപ, എൻപിഎസ്, ബസവേശ്വര നഗറിലെ കാർമൽ സ്‌കൂളുകൾ, ഹെബ്ബഗോഡിയിലെ എബനേസർ തുടങ്ങിയ സ്‌കൂളുകളിലേക്കായിരുന്നു ഭീഷണി സന്ദേശമെത്തിയത്.
ബോംബ് ഭീഷണിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ കുട്ടികളെ തിരികെ വിളിക്കുന്നതിന് വേണ്ടി മാതാപിതാക്കള്‍ സ്‌കൂളുകളിലേക്ക് എത്തിയിരുന്നു. ഇത് നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കിനും ഇടയാക്കി. ഭീഷണി സന്ദേശത്തെ തുടർന്ന് കുട്ടികളെ വാഹനങ്ങളിലും രക്ഷിതാക്കൾക്കൊപ്പവുമാണ് സ്‌കൂള്‍ അധികൃതര്‍ വീടുകളിലേക്ക് പറഞ്ഞുവിട്ടത്.
അതേസമയം, കഴിഞ്ഞ വർഷവും സമാനമായ രീതിയില്‍ ഭീഷണി സന്ദേശം വന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇപ്രാവശ്യം ബോംബ് ഭീഷണിയെ കുറിച്ചുള്ള സന്ദേശം ഗൗരവമായി എടുത്താണ് പരിശോധന നടത്തിയത്. ബോംബ് ഭീഷണി സംബന്ധിച്ച ഇമെയിൽ പരിശോധിക്കാൻ സിഐഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര വ്യക്തമാക്കിയിരുന്നു.
ALSO READ : വീണ്ടും ബോംബ് ഭീഷണി; ഇത്തവണ വിജയപുര ഗോല്‍ ഗുംബസ് മ്യൂസിയത്തില്‍