ചെന്നൈ : തമിഴ്‌നാട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്‌ഡ്. പന്ത്രണ്ട് ഇടങ്ങളിലാണ് തെരച്ചില്‍ നടക്കുന്നത്. ചെന്നൈ, തൃച്ചി, കുംഭകോണം, പുദുക്കോട്ടൈ, തഞ്ചാവൂര്‍ തുടങ്ങിയ ഇടങ്ങളിലാണ് രാവിലെ മുതല്‍ റെയ്‌ഡ് നടന്നത്.
നിരോധിത ഇസ്ലാമിക് സംഘടനയായ ഹിസ്‌ബ്-ഉത്-തഹ്‌രീറുമായി ഇവിടങ്ങളില്‍ ചിലര്‍ക്ക് ബന്ധമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഘടനയെ പിന്തുണയ്ക്കുന്നരും അവരുമായി ബന്ധപ്പെടുന്നവരുമുള്ള ഇടങ്ങളിലാണ് തെരച്ചില്‍. ഹിസ്‌ബ്-ഉത്-തഹരീറുമായി ബന്ധമുണ്ടെന്ന് കരുതുന്ന കബീര്‍ അഹമ്മദ് (40)ന്‍റെ തമ്പാരത്തിന് സമീപമുള്ള ഇബി കോളനിയിലെ വീട്ടിലും എന്‍ഐഎ തെരച്ചില്‍ നടത്തിയതായി ഡിഎസ്‌പി കുമാരന്‍ പറഞ്ഞു.
സംഘടനയുമായി ബന്ധമുണ്ടെന്ന് കരുതുന്ന തഞ്ചാവൂര്‍ ജില്ലയിലെ സാലിയമംഗലത്തെ അബ്‌ദുല്‍ ഖാദറിന്‍റെ മകനായ അബ്‌ദുല്‍ റഹ്മാന്‍ (25)നെയും തഞ്ചാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തൃച്ചിയില്‍ നിന്നാണ് അബ്‌ദുല്‍ റഹ്‌മാന്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യലിനായി തഞ്ചാവൂരിലേക്ക് കൊണ്ടുപോയി.
പുദുക്കോട്ടൈ ജില്ലയിലെ മണ്ടൈയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വടക്കാട് മേഖലയിലെ അബ്‌ദുല്‍ ഖാന്‍ എന്ന അബ്‌ദുല്‍ ഖാദര്‍ (40)ന് വേണ്ടിയും എന്‍ഐഎ തെരച്ചില്‍ നടത്തുന്നുണ്ട്. ഇയാള്‍ നിരോധിത സംഘടയായ സിമി (സ്റ്റുഡന്‍റ് ഇസ്ലാമിക് മൂവ്മെന്‍റ് ഓഫ് ഇന്ത്യ)യില്‍ അംഗമാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതി കൂടിയാണ് ഇയാള്‍.
റെയ്‌ഡില്‍ എന്തെങ്കിലും വിലപ്പെട്ട രേഖകള്‍ കിട്ടിയിട്ടുണ്ടോയെന്ന വിവരം എന്‍ഐഎ പുറത്ത് വിട്ടിട്ടില്ല. പുലര്‍ച്ചെ തുടങ്ങിയ റെയ്‌ഡ് തമിഴ്‌നാട്ടില്‍ വന്‍ വാര്‍ത്താപ്രാധാന്യം സൃഷ്‌ടിച്ചിട്ടുണ്ട്.