ഷിംല : ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്‌സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി വിക്രമാദിത്യ സിങ്ങിന് 100 കോടിയിലധികം ആസ്‌തി. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹത്തിന്‍റെ സ്വത്ത് വിവരങ്ങൾ രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് തുകയുണ്ടെങ്കിലും ചിലത് പരിശോധിച്ചാൽ നാമമാത്രമായ തുകയാണ് ഉള്ളത്.
ഇത് സാധാരണക്കാരന്‍റെ അക്കൗണ്ടിലുള്ള തുകയേക്കാളും കുറവാണെന്നതാണ് രസകരമായ വസ്‌തുത. ഷിംല ആസ്ഥാനമായ എച്ച്‌ഡിഎഫ്‌സി ബാങ്കിൽ വിക്രമാദിത്യ സിങ്ങിൻ്റെ പാസ്‌ബുക്കിൽ വെറും 123 രൂപ മാത്രമാണുള്ളത്. കലിബാരി എസ്ബിഐ ശാഖയിൽ 2,774 രൂപയും സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കിൽ 1,222 രൂപയും ആക്‌സിസ് ബാങ്ക് രാംപൂരിൽ 828 രൂപയും ഐസിഐസിഐ ഷിംല ശാഖയിൽ 11,373 രൂപയുമാണ് ഉള്ളത്. ഐസിഐസിഐയുടെ മറ്റൊരു ശാഖയിൽ 18,943 രൂപയും ഉണ്ട്.
കൂടാതെ വിധാൻസഭയിൽ സ്ഥിതി ചെയ്യുന്ന യൂക്കോ ബാങ്ക് ശാഖയിൽ 33.12 ലക്ഷം രൂപയിലധികം നിക്ഷേപമുണ്ട്. എസ്ബിഐ കലിബാരി ശാഖയുടെ മറ്റൊരു അക്കൗണ്ടിൽ 4.49 ലക്ഷം രൂപയും പിപിഎഫ് അക്കൗണ്ടിൽ 4.82 ലക്ഷം രൂപയും ഉണ്ട്. അദ്ദേഹത്തിന്‍റെ കാർഷിക വരുമാനത്തിലും വർഷംതോറും വർധനവ് ഉണ്ട്.
2018-19 വർഷത്തിൽ വിക്രമാദിത്യ സിങ് കൃഷിയിൽ നിന്ന് 6,38,000 രൂപ വരുമാനം ലഭിച്ചതായി കാണിച്ചിട്ടുണ്ട്. 2019-20 വർഷത്തിൽ ഇത് 19,55,098 രൂപ ആയും, 2020-21 വർഷത്തിൽ 19,95,000 ആയും, 2021-22 വർഷത്തിൽ ഇത് 16,88,000 ആയും ഉയർന്നിട്ടുണ്ട്. 2018-19 വർഷത്തിൽ കാർഷികേതര പ്രവർത്തനങ്ങളിൽ നിന്ന് അദ്ദേഹം സമ്പാദിച്ചത് 29.39 ലക്ഷം രൂപയാണ്.
തുടർന്ന് 2019-20ൽ കാർഷികേതര പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 35.10 ലക്ഷം രൂപയായി ഉയർന്നു. 2020-21ൽ 24.95 ലക്ഷം രൂപയും 2021-22 വർഷത്തിൽ 36.95 ലക്ഷം രൂപയും ആണ് കാർഷികേതര പ്രവർത്തനങ്ങളിൽ നിന്നുള്ള വിക്രമാദിത്യ സിങ്ങിന്‍റെ വരുമാനം.