ഷിംല (ഹിമാചൽ പ്രദേശ്) : ഹിമാചൽ പ്രദേശിലെ രാഷ്‌ട്രീയ അനിശ്ചിതത്വത്തിനിടയിൽ കോണ്‍ഗ്രസിന് തിരിച്ചടിയായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിങ്ങിന്‍റെ പ്രസ്‌താവന (Himachal Pradesh Congress chief Pratibha Singh). കോണ്‍ഗ്രസിനേക്കാള്‍ മികച്ചതാണ് ഭാരതീയ ജനത പാർട്ടിയുടെ പ്രവർത്തനമെന്ന പ്രസ്‌താവനയുമായാണ് പ്രതിഭ സിങ് രംഗത്തെത്തിയത്.
'കോൺഗ്രസിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. എംപി എന്ന നിലയിൽ ഞാൻ എന്‍റെ നിയോജകമണ്ഡലം സന്ദർശിക്കുകയും പ്രദേശവാസികളുമായി ഇടപഴകാനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ശ്രമിക്കുന്നു. ബിജെപിയുടെ പ്രവർത്തനം നമ്മെക്കാൾ മികച്ചതാണ് എന്നത് സത്യമാണ്' -പ്രതിഭ സിങ് പറഞ്ഞു.
തന്‍റെ സന്ദേശം ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിനെ അറിയിച്ചിട്ടുണ്ടെന്നും സംഘടനയെ ശക്തിപ്പെടുത്താൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിഭ സിങ് പറഞ്ഞു. സംഘടനയെ ശക്തിപ്പെടുത്തിയാൽ മാത്രമേ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയൂ എന്ന് ആദ്യ ദിവസം മുതൽ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു.
പ്രധാനമന്ത്രി മോദിയുടെയും ബിജെപിയുടെയും നിർദേശങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പോകുന്നതായും അവർ കൂട്ടിച്ചേർത്തു. 'ഞങ്ങൾ അവിടെ ദുർബലമായ നിലയിലാണ്. പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും സംഘടിക്കണമെന്നും ഞാൻ അദ്ദേഹത്തോട് അഭ്യർഥിച്ചു. ഇത് ഒരു പ്രയാസകരമായ സമയമാണെന്ന് എനിക്ക് പറയാൻ കഴിയുമെ'ന്നും ഹിമാചൽ പ്രദേശ് കോൺഗ്രസ് മേധാവി പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ താര സ്ഥാനാര്‍ഥി അഭിഷേക് മനു സിങ്‌വിയെ പരാജയപ്പെടുത്തി ബിജെപി ഏക രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ബിജെപിയുടെ ഹര്‍ഷ് മഹാജനാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിയമസഭയില്‍ ഒരു അവിശ്വാസ പ്രമേയവും അവതരിപ്പിക്കപ്പെട്ടു. സംസ്ഥാനത്ത് അധികാര തര്‍ക്കം തുടരുന്നതിനിടെ സുഖ്‌വീന്ദര്‍ സിങ് സുഖു മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുന്നതായി മന്ത്രി വിക്രമാദിത്യ സിങ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മണിക്കുറുകള്‍ക്കകം ഇത് പിന്‍വലിക്കുകയും ചെയ്‌തു.
നിയമസഭ മന്ദിരത്തിന് അടുത്തുള്ള ഹോട്ടലില്‍ വച്ച് ഡി കെ ശിവകുമാറും ഭൂപീന്ദര്‍ സിംങ് ഹൂഡെയും കോണ്‍ഗ്രസിന്‍റെ ഓരോ എംഎല്‍എമാരുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്‌ത എംഎല്‍എമാര്‍ ആറുപേരും നഗരത്തിലുണ്ടായിരുന്നില്ല. സ്‌പീക്കര്‍ നല്‍കിയ കൂറുമാറ്റ നിരോധന പരാതിയില്‍ സ്‌പീക്കറുടെ വിചാരണയ്ക്കായി സഭയില്‍ ഹാജരായ ശേഷം ഇവര്‍ പഞ്ചകുലയിലേക്ക് തിരികെ പോയി. 68 അംഗ ഹിമാചല്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 25 അംഗങ്ങളുമുണ്ട്. മൂന്ന് സീറ്റില്‍ സ്വതന്ത്രരാണ്.