ആഗ്ര (ഉത്തർപ്രദേശ്): താജ്‌മഹൽ കാണണമെന്ന മോഹം സഫലമാക്കാൻ തടവുകാരനെ താജ്‌മഹലിന്‍റെ ഈസ്റ്റ് ഗേറ്റിലെത്തിച്ച് ഹിമാചൽ പൊലീസ്. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. എന്നാൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരും സിഐഎസ്എഫ് ഉദ്യോഗസ്ഥരും കൈവിലങ്ങുമായി തടവുകാരന് താജ്‌മഹലിൽ പ്രവേശിക്കാനാകില്ലെന്ന് അറിയിച്ചതോടെ സംഘം മടങ്ങിയതായാണ് വിവരം.
നാല് പൊലീസുകാരും കൈവിലങ്ങുള്ള ഒരു തടവുകാരനും ജീപ്പിൽ നിന്ന് ഇറങ്ങി താജ്‌മഹൽ ഈസ്റ്റ് ഗേറ്റിലെ അമർ വിലാസ് ബാരിയറിൽ എത്തിയതായാണ് വിവരം. കൈവിലങ്ങുമായി അകത്തേക്ക് പ്രവേശിക്കാൻ നിൽക്കുന്ന ആളെ കണ്ട് ഉദ്യോഗസ്ഥർ ഇവരെ തിരിച്ചയച്ചക്കുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥർ തടവുകാരനെ താജ്‌മഹലിലെ ഗേറ്റിലേക്ക് കൊണ്ടുപോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ചൊവ്വാഴ്‌ച വൈകീട്ട് മൂന്ന് മണിയോടെയാണ് വീഡിയോ പുറത്തുവരുന്നത്. കറുത്ത ടീ ഷർട്ട് ധരിച്ച തടവുകാരനൊപ്പം യൂണിഫോം ധരിച്ച പൊലീസുകാരൻ നടന്നുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചോദ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വരുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും തുടർനടപടി സ്വീകരിക്കുമെന്നും എസിപി താജ് സെക്യൂരിറ്റി സയ്യിദ് അരീബ് അഹമ്മദ് പറഞ്ഞു.