തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS). കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (06-05-2024) വൈകിട്ട് 03:30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കാനും നിർദേശം നൽകി.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാൻ തീരദേശ വാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കാനും നിർദേശമുണ്ട്.
കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പൊഴികളിൽ നിന്നും അഴിമുഖങ്ങളിൽ നിന്നും മത്സ്യ ബന്ധനത്തിനായി ചെറിയ യാനങ്ങളിൽ കടലിലേക്ക് പോകാൻ പാടില്ല. മത്സ്യ ബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. അതേസമയം മെയ് 7 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മെയ് 08, 09 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.