റാഞ്ചി: ഭൂമി തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ കസ്‌റ്റഡി കാലാവധി വീണ്ടും നീട്ടി. അഞ്ച് ദിവസത്തേക്കാണ് പ്രത്യേക ഇഡി കോടതി കസ്‌റ്റഡി നീട്ടിയത്. ഈ അഞ്ച് ദിവസവും ഇഡിക്ക് സോറനെ ചോദ്യം ചെയ്യാം (Hemant Sorens Remand Period Extended).
നേരത്തെ അനുവദിച്ച 5 ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് ഇന്ന് കനത്ത സുരക്ഷയിലാണ് സോറനെ പ്രത്യേക കോടതിയിൽ ഹാജരാക്കിയത്. ഹേമന്ത് സോറനിൽ നിന്ന് ഇനിയും ഒരുപാട് കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥർ കോടതിയെ ധരിപ്പിച്ചു. ഈ സാഹചര്യത്തില്‍ 7 ദിവസത്തേക്കുകൂടി റിമാൻഡ് നീട്ടണമെന്നാണ് ഇഡി അഭ്യര്‍ത്ഥിച്ചത്. എന്നാൽ, എല്ലാ വാദങ്ങളും കേട്ട ശേഷം കോടതി വീണ്ടും 5 ദിവസത്തേക്ക് കസ്റ്റഡി അനുവദിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ റിമാൻഡിൽ കഴിയുന്ന ഹേമന്തിനെയും അദ്ദേഹത്തിൻ്റെ ചില അടുത്ത ബന്ധുക്കളേയും ഇഡി ചോദ്യം ചെയ്‌തിരുന്നു. ഇന്നലെ (ചൊവ്വ) സോറനെ തുടർച്ചയായി ചോദ്യം ചെയ്‌തിരുന്നു.
മുൻ മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തായിരുന്ന ആർക്കിടെക്‌റ്റ് വിനോദ് സിങ്ങിനെയും ഇഡി ഇന്നലെ വിളിച്ചുവരുത്തി. ഉച്ചയ്ക്ക് ഒരുമണിക്ക് ശേഷം അഞ്ച് മണിക്കൂറോളം വിനോദ് സിങ്ങിനെ ഇഡി ചോദ്യം ചെയ്‌തിരുന്നു. അനധികൃത ഖനനം, സാക്ഷികളെ സ്വാധീനിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് കേസിൽ വിനോദിന്‍റെ പേരുയരുന്നത്.
Also Read: ഹേമന്ദ് സോറനെ ബിജെപി കുടുക്കിയതെന്ന് ചമ്പയ് സോറൻ, റാഞ്ചിയിലേക്ക് തിരികെ പറന്ന് ജെഎംഎം സാമാജികര്‍
വലയിൽ കൂടുതൽ ഉന്നതർ: നാല് ദിവസത്തെ റിമാൻഡിൽ കഴിയുന്ന ബഡ്‌ഗായ് സോണിലെ മുൻ റവന്യൂ സബ് ഇൻസ്‌പെക്‌ടർ ഭാനു പ്രതാപ് പ്രസാദിനെയും ചൊവ്വാഴ്‌ച ഉച്ചയോടെ ഇഡി ഓഫീസിൽ എത്തിച്ചിരുന്നു. ഭാനു പ്രതാപിനെയും പേഴ്‌സണൽ അസിസ്‌റ്റൻ്റ് ശശീന്ദ്ര മഹാതോയെയും മുഖാമുഖം ഇരുത്തിയാണ് ഇഡി ചോദ്യം ചെയ്‌തത്.