റാഞ്ചി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ല. റാഞ്ചിയിലെ പ്രത്യേക കോടതി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിക്കുകയായിരുന്നു. നാളെയാണ് ഝാര്‍ഖണ്ഡ് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്(Hemant Soren).
കഴിഞ്ഞ മാസം 31നാണ് സോറനെ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തത് . കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ ഇദ്ദേഹം ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി ഹര്‍ജി നല്‍കുകയായിരുന്നു(Budget session).
എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ പതിമൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഈ മാസം പതിനഞ്ചിന് അദ്ദേഹത്തെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. കോടതി നേരത്തെ സോറന് നിയമസഭയിലെ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. ഈ മാസം അഞ്ചിനായിരുന്നു സോറന്‍ അവിശ്വാസത്തെ നേരിട്ടത്(Court Denies Permission).