റാഞ്ചി (ജാർഖണ്ഡ്) : ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറൻ 2024 ജൂലൈ 4 ന് ജാർഖണ്ഡ് മുഖ്യമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. റാഞ്ചിയിലെ രാജ്ഭവനിൽ ഗവർണർ സി പി രാധാകൃഷ്‌ണൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സോറൻ്റെ പിതാവും ജെഎംഎം മേധാവിയുമായ ഷിബു സോറൻ, അമ്മ രൂപി സോറൻ, ഭാര്യ കൽപ്പന സോറൻ, ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിൻ്റെ മുതിർന്ന നേതാക്കൾ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
ചപെംയ് സോറൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെ ജാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്‌ണൻ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ഹേമന്ത് സോറനെ ക്ഷണിക്കുകയായിരുന്നു. ഗവർണറുടെ ക്ഷണം സ്വീകരിച്ച് റാഞ്ചിയിലെ രാജ്ഭവനിൽ എത്തിയ ഹേമന്ത് സോറനെ ഇന്ത്യൻ ബ്ലോക്ക് നേതാക്കൾക്കൊപ്പം ഗവർണർ നിയുക്ത മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു.
महामहिम राज्यपाल महोदय का धन्यवाद।
— Hemant Soren (@HemantSorenJMM) July 4, 2024
विरोधियों द्वारा रची गई लोकतंत्र विरोधी साज़िश के अंत की शुरुआत हो गई है।
सत्यमेव जयते। pic.twitter.com/TSe2PRqp1w
'ശ്രേഷ്‌ഠനായ ഗവർണർക്ക് നന്ദി. പ്രതിപക്ഷം പയറ്റിയ ജനാധിപത്യ വിരുദ്ധ ഗൂഢാലോചനയുടെ അന്ത്യം ആരംഭിച്ചു. സത്യമേവ ജയതേ,' - ഹേമന്ത് സോറൻ എക്‌സിൽ പോസ്‌റ്റ് ചെയ്‌തു.
സത്യപ്രതിജ്ഞ ചെയ്‌ത് അഞ്ച് മാസത്തിനകം ചംപെയ് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുകയും, ആ സ്ഥാനം പിന്നീട് ഹേമന്ത് സോറനിലേക്ക് എത്തുകയും ആയിരുന്നു. 'കുറച്ച് മാസങ്ങൾക്ക് മുൻപ് എന്നെ മുഖ്യമന്ത്രിയാക്കുകയും സംസ്ഥാനത്തിൻ്റെ ചുമതല എനിക്ക് ലഭിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഹേമന്ത് സോറൻ തിരിച്ചെത്തിയതിന് ശേഷം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്നത് ഞങ്ങളുടെ സഖ്യം തീരുമാനമെടുത്തു. അതിനാലാണ് താൻ സ്ഥാനമൊഴിഞ്ഞത്' -ചംപെയ് സോറൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ വർഷം ഫെബ്രുവരി രണ്ടിന് രാജ്ഭവനിൽ വച്ചാണ് ചംപെയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. ജാർഖണ്ഡിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച ശേഷം, എല്ലാത്തിൻ്റെയും വിശദാംശങ്ങൾ ഉടൻ പങ്കിടുമെന്ന് ജെഎംഎം എക്‌സിക്യൂട്ടീവ് പ്രസിഡൻ്റ് പറഞ്ഞു.
ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്‌റ്റ് ചെയ്‌ത ഹേമന്ത് സോറൻ 149 ദിവസത്തെ കസ്‌റ്റഡിക്ക് ശേഷം ജൂൺ 29 നാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ജനുവരി 31ന് അറസ്‌റ്റിലാകുന്നതിന് മുമ്പ് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഭൂമി തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്.
Also Read: ചംപെയ് സോറൻ രാജിവച്ചു; ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി തിരിച്ചെത്തും