ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. മയിലാടുംതുറൈ, നാഗപട്ടണം, തിരുവാരൂർ, കാരക്കൽ എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടും കൂടലൂര്‍, മയിലാട്‌തുറൈ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ടൈ, തിരുനെൽവേലി, കന്യാകുമാരി, തെങ്കാശി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഫെംഗല്‍ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
പുതുച്ചേരി, കാരയ്‌ക്കല്‍ എന്നിവിടങ്ങളിലും റെഡ് അലര്‍ട്ടാണ്. അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ള നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. മയിലാട്‌തുറൈ അടക്കമുള്ള മേഖലകളില്‍ കടല്‍ പ്രക്ഷൂബ്‌ധമാണ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ഹെല്‍പ്പ് ലൈൻ നമ്പറുകള്‍: മഴയുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും ടോൾ ഫ്രീ നമ്പര്‍- 1077, ഫോൺ നമ്പർ- 04362-230121, വാട്ട്‌സ്ആപ്പ് നമ്പർ- 93450 88997 എന്നിവയിലൂടെ അറിയിക്കാം.
മഴ കനക്കും; ഈ ജില്ലകളില്‍ ഉള്ളവര്‍ സൂക്ഷിക്കുക
ചെന്നൈയില്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ഇന്നും (26 നവംബര്‍) വരും ദിവസങ്ങളിലും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപട്ട്, തിരുവള്ളൂർ ജില്ലകളിൽ നവംബർ 26, 27, 28 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, വില്ലുപുരം, പുതുച്ചേരി, കടലൂർ, അരിയല്ലൂർ, തഞ്ചാവൂർ, പുതുക്കോട്ടൈ, ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ ചിലയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ന്യൂനമർദം നാളെ കൊടുങ്കാറ്റായി മാറുമെന്നതിനാല്‍ ഈ ജില്ലകളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദമായി. ഇത് തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിലേക്ക് നീങ്ങുകയാണെന്നും നാളെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചെന്നൈയില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്
ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡ്, പഴയ മഹാബലിപുരം റോഡ്, പെരുമ്പാക്കം, മേടവാക്കം, വേളാച്ചേരി, പള്ളിക്കരനൈ, താംബരം, പല്ലാവരം ക്രോംബെട്ടൈ, സേലയൂർ, പെരുങ്ങലത്തൂർ, വണ്ടല്ലൂർ, തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ പെയ്‌തു. പ്രത്യേകിച്ച് വേളാച്ചേരി, മേടവാക്കം മെയിൻ റോഡ്, ജയചന്ദ്രൻ ബസ് സ്റ്റേഷന് സമീപം പള്ളിക്കരണൈ എന്നിവിടങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ റോഡിലുടനീളം വെള്ളക്കെട്ട് രൂപപ്പെട്ടു.
താംബരം, പല്ലാവരം, ക്രോംപേട്ട്, പരിസര പ്രദേശങ്ങളിലും ഉണ്ടായ കനത്ത മഴയെ തുടർന്ന് ജിഎസ്‌ടി റോഡിൽ കനത്ത ഗതാഗതക്കുരുക്കുണ്ടായി. രണ്ട് മണിക്കൂറോളം പെയ്‌ത കനത്ത മഴയിൽ പടിഞ്ഞാറൻ താംബരത്തെ കിഴക്കൻ താംബരവുമായി ബന്ധിപ്പിക്കുന്ന റെയിൽവേ തുരങ്കം മുഴുവൻ വെള്ളത്തിനടിയിലായി. ഇതുമൂലം തുരങ്കത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.
നാളെ സ്‌കൂളുകള്‍ക്ക് അവധിയാണോ?
ചെന്നൈയിലെ സ്‌കൂളുകൾക്കും കോളജുകൾക്കും നാളെ അവധിയായിരിക്കുമോ എന്നതിനെ കുറിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പുതുച്ചേരിയിലെയും കാരയ്ക്കലിലെയും എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും സർക്കാർ-എയ്ഡഡ് സ്‌കൂളുകൾക്കും കോളജുകൾക്കും നവംബർ 27 ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചതായി പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി അറുമുഖം നമശ്ശിവായം അറിയിച്ചു.
Seven NDRF teams mobilised as IMD forecasts heavy rain in Tamil Nadu, Puducherry
— ANI Digital (@ani_digital) November 26, 2024
Read @ANI Story | https://t.co/IW8hDKNLUt#NDRF #TamilNadu #Puducherry #HeavyRain pic.twitter.com/VtXglJcGWf
രക്ഷാ പ്രവര്‍ത്തനത്തിന് എൻഡിആർഎഫിന്‍റെ 7 ടീമുകള്‍
തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ എൻഡിആർഎഫിന്‍റെ നാലാം ബറ്റാലിയനിൽ നിന്നുള്ള ഏഴ് ടീമുകളെ വിന്യസിച്ചു. ഒരു ടീമില്‍ 30 രക്ഷാപ്രവർത്തകർ ഉള്‍പ്പെടും. കനത്ത മഴ തുടരുന്ന കാരയ്ക്കൽ, തഞ്ചാവൂർ, തിരുവാരൂർ, കടലൂർ, നാഗപട്ടണം, മയിലാടുതുറൈ എന്നീ ജില്ലകളിലാണ് സംഘത്തെ വിന്യസിക്കുന്നതെന്ന് എൻഡിആർഎഫ് അറിയിച്ചു
Also Read : കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്