ഹൈദരാബാദ് : ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാനയില്‍ കനത്ത തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് ബിആർഎസ് പാര്‍ട്ടി. സിറ്റിങ് എംപിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളും പാർട്ടി വിടുന്നതിനിടെ, ബിആർഎസ് വാറങ്കൽ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥി കടിയം കാവ്യ മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. മുതിർന്ന നേതാവും ബിആർഎസ് രാജ്യസഭാംഗവുമായ കെ കേശവ റാവുവും മകള്‍ ഹൈദരാബാദ് മേയർ ജി വിജയലക്ഷ്‌മിയും ബിആർഎസ് വിട്ട് കോൺഗ്രസിൽ ചേരാൻ പോകുകയാണെന്നും അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച ഒറ്റ ദിവസംകൊണ്ട് നടന്ന ഈ സംഭവ വികാസങ്ങൾ ബിആർഎസിൽ കോളിളക്കം സൃഷ്‌ടിച്ചിരിക്കുകയാണ്
കെസിആറിന് കാവ്യയുടെ കത്ത്
ബിആർഎസിലെ സ്‌റ്റേഷൻ ഘാൻപൂർ എംഎൽഎ കടിയം ശ്രീഹരിയും കോൺഗ്രസിൽ ചേരാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് കടിയം കാവ്യ മത്സരത്തിൽ നിന്ന് പിന്മാറിയതായി അറിയിക്കുന്നത്. തന്‍റെ പിന്മാറ്റം അറിയിച്ച് കൊണ്ട് ബിആർഎസ് മേധാവിയും മുൻ മുഖ്യമന്ത്രിയുമായ കെസിആറിനും കാവ്യ കത്തയച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാർട്ടി നേതൃത്വത്തിനെതിരെ ഉയരുന്ന അഴിമതിയാരോപണങ്ങൾ, ഭൂമി കൈയേറ്റം, ഫോൺ ചോർത്തൽ, എന്നിവ ബിആർഎസിന്‍റെ പ്രതിച്‌ഛായയ്ക്ക് കോട്ടം വരുത്തിയെന്നും, ജില്ലയിലെ നേതാക്കൾ തമ്മിലുള്ള സഹകരണമില്ലായ്‌മ പാര്‍ട്ടിക്ക് കൂടുതല്‍ ആഘാതമുണ്ടാക്കി എന്നും കവിത കത്തില്‍ പറഞ്ഞു. കെസിആർ, ബിആർഎസ് പ്രവർത്തകർ തന്നോട് ക്ഷമിക്കണമെന്നും അവർ കത്തിൽ പറഞ്ഞു.
മൂന്ന് ദിവസം മുമ്പ് ഹൈദരാബാദിൽ വെച്ച് കാവ്യ കെസിആറിനെ കാണുകയും വാറങ്കൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് നന്ദി പറയുകയും ചെയ്‌തിരുന്നു. വാറങ്കലില്‍ ലോക്‌സഭ കോൺഗ്രസ് സ്ഥാനാർത്ഥിയായി കാവ്യയോ കടിയം ശ്രീഹരിയോ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. കാവ്യയെ സ്ഥാനാർഥിയായി തീരുമാനിച്ചാൽ ശ്രീഹരിക്ക് സംസ്ഥാന മന്ത്രിസഭയിൽ ഇടം നൽകുമെന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്.
തിരികെ മടങ്ങാന്‍ കെകെ
താൻ രാഷ്‌ട്രീയ വിരമിക്കലിന്‍റെ ഘട്ടത്തിലാണെന്നും പഴയ പാർട്ടിയിലേക്ക് വീണ്ടും തിരികെ പോകാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മുതിര്‍ന്ന നേതാവ് കേശവ റാവുവും വെളിപ്പെടുത്തിയിരുന്നു. കോൺഗ്രസിൽ എപ്പോള്‍ ചേരുമെന്ന കാര്യം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്‌ച എരവള്ളിയിലെ ഫാമിൽ കെസിആറുമായി കേശവ റാവു കൂടിക്കാഴ്‌ച നടത്തിയിരുന്നു.
അന്ന് രാത്രി ഹൈദരാബാദിലെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് കേശവ റാവു കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോകാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 'ഞാൻ വളരെക്കാലമായി കോൺഗ്രസിലായിരുന്നു. ആ പാർട്ടിയാണ് എനിക്ക് എല്ലാ അവസരങ്ങളും തന്നത്. അന്നത്തെ സാഹചര്യത്തിൽ ഞാൻ ടിആർഎസിൽ (ഇപ്പോഴത്തെ ബിആർഎസ്) ചേർന്നു. ആഗ്രഹിച്ചത് പോലെ തെലങ്കാന രൂപീകരിച്ചു. കോൺഗ്രസ് പാർട്ടി തെലങ്കാന നൽകി. കെസിആർ എനിക്ക് ഒരുപാട് ബഹുമാനം തന്നു. അദ്ദേഹത്തോട് എനിക്കും വലിയ ബഹുമാനമുണ്ട്. ബിആർഎസ് നേതാക്കളും പ്രവർത്തകരും നന്നായി സഹകരിച്ചു. ഇപ്പോൾ ഞാൻ രാഷ്‌ട്രീയ റിട്ടയർമെന്‍റിന്‍റെ ഘട്ടത്തിലാണ്. യുവാക്കൾക്ക് ബിആർഎസിൽ കൂടുതൽ അവസരങ്ങൾ ലഭിക്കണം. ഈ 84-ാം വയസില്‍ ഞാന്‍ കോൺഗ്രസിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു.
53 വർഷം ഞാന്‍ കോൺഗ്രസിൽ പ്രവർത്തിച്ചു. പത്ത് വർഷം ബിആര്‍എസിലും... ഞാൻ ജനിച്ചതും വളർന്നതും ഒക്കെ കോൺഗ്രസിലാണ്. ബിആർഎസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഞാൻ കെസിആറുമായി ചർച്ച ചെയ്‌തിട്ടുണ്ട്. പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങളും ചർച്ച ചെയ്‌തു. കവിതയുടെ അറസ്‌റ്റിനെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. അവരെ നിയമ വിരുദ്ധമായാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത് എന്നത് വാസ്‌തവമാണ്'- കെ കെ മാധ്യമങ്ങളോട് പറഞ്ഞു. ബിആർഎസിൽ തുടരാനുള്ള മകൻ വിപ്ലവിന്‍റെ തീരുമാനം നല്ല നീക്കമാണെന്നും കേശവ റാവു പറഞ്ഞു.
അടുത്തിടെ കേശവ റാവുവിന്‍റെ വീട്ടിലെത്തിയ കോൺഗ്രസ് സംസ്ഥാന കാര്യ ചുമതലയുള്ള ദീപ ദാസ് മുൻഷി, മകളും ജിഎച്ച്എംസി മേയറുമായ ഗഡ്‌വാല വിജയ ലക്ഷ്‌മിയെയും കെകെയെയും പാർട്ടിയിലേക്ക് ക്ഷണിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇവർ ബിആർഎസ് വിട്ട് കോൺഗ്രസിൽ ചേരുമെന്ന് അന്ന് മുതൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. വ്യാഴാഴ്‌ച കെ കെ തന്നെ തീരുമാനം പ്രഖ്യാപിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. ഈ മാസം 30ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേരുമെന്നാണ് പിതാവിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മേയർ വിജയ ലക്ഷ്‌മി വ്യക്തമാക്കിയത്. പാർട്ടി അധികാരത്തിലിരുന്നാലേ കാര്യങ്ങൾ നടക്കൂ എന്നും അധികാരമുണ്ടെങ്കില്‍ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എളുപ്പമാണെന്നും വിജയലക്ഷ്‌മി പറഞ്ഞു.
കെസിആറിന്‍റെ നേതൃത്വത്തിൽ പൂർണ വിശ്വാസം: വിപ്ലവ് കുമാർ
അതേസമയം സഹോദരി വിജയ ലക്ഷ്‌മിയുടെ തീരുമാനത്തെ കെകെയുടെ മകൻ വിപ്ലവ് കുമാർ കുറ്റപ്പെടുത്തി. 'ബിആർഎസിൽ ചേർന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വിജയലക്ഷ്‌മിക്ക് പാർട്ടി നല്ല അവസരങ്ങൾ നൽകി. അവരെ ജിഎച്ച്എംസി മേയറാക്കി. എന്നാല്‍ അവർ ബിആർഎസിനോട് മുഖം തിരിക്കുകയാണ് ചെയ്‌തത്. വിജയലക്ഷ്‌മിയുടെയും കെ കെയുടെയും പാർട്ടി മാറാനുള്ള തീരുമാനത്തില്‍ ഞാന്‍ പങ്കാളിയല്ല. മകളുടെ സമ്മർദത്തെ തുടർന്നാണ് കെ കെ ബിആർഎസ് വിടുന്നത്. ഞങ്ങളുടെ പാർട്ടി നേതാവ് കെസിആറിന്‍റെ നേതൃത്വത്തിൽ എനിക്ക് പൂർണ വിശ്വാസമുണ്ടെന്നും വിപ്ലവ് പ്രസ്‌താവനയിൽ പറഞ്ഞു.
കെകെയോട് അതൃപ്‌തതനായി കെസിആർ
കേശവ റാവു വ്യാഴാഴ്‌ച എരവള്ളിയിലെ ഫാമിൽ കെസിആറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പാർട്ടി മാറുകയാണെന്ന് കെ കെ കെസിആറിനോട് പറഞ്ഞതായാണ് വിവരം. കെകെയുടെ തീരുമാനത്തിൽ കെസിആര്‍ അതൃപ്‌തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. നിലപാട് മാറ്റണമെന്ന് കെ കെയോട് കെസിആർ ഉപദേശിച്ചതായാണ് അറിയുന്നത്. കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഹൈദരാബാദിലെ വസതിയിലേക്ക് മടങ്ങിയ കെകെയെ മുൻ മന്ത്രി ഇന്ദ്ര കരൺ റെഡ്ഡിയും മുൻ എംഎൽഎ ഗദ്ദം അരവിന്ദ് റെഡ്ഡിയും വസതിയിലെത്തി കണ്ടിരുന്നു.
ബിആർഎസ് വിട്ട് മറ്റ് പാർട്ടികളിലേക്ക് പോകുന്ന നേതാക്കള്‍
അടുത്ത കാലത്തായി നിരവധി നേതാക്കളാണ് ബിആർഎസ് വിട്ട് കോൺഗ്രസിലും ബിജെപിയിലും ചേർന്നത്. ബിആർഎസ് ചെവെല്ല സിറ്റിങ്ങ് എംപി രഞ്ജിത്ത് റെഡ്ഡി കോൺഗ്രസിൽ ചേർന്ന് ലോക്‌സഭയിലേക്ക് സ്ഥാനാർത്ഥിയായി മത്സരിച്ചു. വികാരാബാദ് സെഡ്‌പി ചെയർപേഴ്‌സൺ സുനിത മഹേന്ദർ റെഡ്ഡി രാജിവച്ച് കോൺഗ്രസിൽ ചേർന്നു. അവര്‍ക്ക് മൽകാജിഗിരിയില്‍ ടിക്കറ്റ് കിട്ടി. ഖൈരതാബാദ് എംഎൽഎ ദാനം നാഗേന്ദർ ഭരണകക്ഷിയിൽ ചേർന്ന് സെക്കന്ദ്രാബാദ് ലോക്‌സഭ ടിക്കറ്റ് നേടി.
സഹീറാബാദ് ബിആർഎസ് എംപി ബിബി പാട്ടീല്‍ ബിജെപിയിൽ ചേർന്നതിന് പിന്നാലെ പാർട്ടി ടിക്കറ്റ് നൽകി. നാഗർകൂർനൂൽ ബിആർഎസ് എംപി പി രാമുലു ബിജെപിയിൽ ചേർന്നു. അദ്ദേഹത്തിന്‍റെ മകന് സീറ്റ് ലഭിച്ചു. മുൻ എംപിമാരായ ജി നാഗേഷ്, അജ്‌മീര സീതാറാം നായിക്, മുൻ എംഎൽഎമാരായ ജലഗം വെങ്കിട്ട റാവു, സൈദി റെഡ്ഡി എന്നിവർ ഇതിനോടകം ബിജെപിയില്‍ ചേര്‍ന്ന് കഴിഞ്ഞു.
വാറങ്കൽ എംപി പസുനൂരി ദയാകർ കോൺഗ്രസിൽ ചേർന്നു. വാറങ്കലിൽ നിന്ന് ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന വർദ്ധന്നപേട്ട മുൻ എംഎൽഎ അരൂരി രമേശും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേർന്നു. ആദിലാബാദ് ജില്ലയിലെ മുൻ മന്ത്രി ഇന്ദ്രകരൻ റെഡ്ഡി നിലവില്‍ ബിആർഎസ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അദ്ദേഹവും കോൺഗ്രസിൽ ചേരുമെന്നാണ് അഭ്യൂഹം. സംസ്ഥാനത്തെ പല മുന്‍സിപാലിറ്റികളും ഇതിനോടകം കോൺഗ്രസിലേക്ക് പോയിട്ടുണ്ട്. മറ്റ് ചില എംഎൽഎമാരും കോൺഗ്രസിൽ ചേരാന്‍ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ രേവന്ത് റെഡ്ഡിയുമായി ചർച്ചകൾ നടത്തുന്നതായാണ് വിവരം.