ബെംഗളൂരു : ബലാത്സംഗം, ലൈംഗികാതിക്രമ കേസുകളിൽ ജാമ്യം തേടി പ്രജ്വല്‍ രേവണ്ണ സമർപ്പിച്ച അപേക്ഷകളിൽ കർണാടക ഹൈക്കോടതി എസ്ഐടിക്ക് നോട്ടിസ് അയച്ചു. മുൻ എംപി പ്രജ്വൽ രേവണ്ണ സമർപ്പിച്ച ഹർജികൾ പരിഗണിച്ച ജസ്റ്റിസ് കൃഷ്‌ണ എസ് ദീക്ഷിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി സംബന്ധിച്ച് നോട്ടിസ് അയച്ച് വാദം കേൾക്കുന്നത് മാറ്റിയത്.
ഹൊലേനരസിപൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ട് അപേക്ഷ നൽകിയ പ്രജ്വൽ രേവണ്ണ ഇതിനകം ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. ഈ കേസിൽ സ്ഥിരം ജാമ്യം തേടിയിട്ടുണ്ട്. എന്നാൽ, ഹൈക്കോടതി രജിസ്ട്രാറുടെ ഓഫിസ് എതിർപ്പ് ഉന്നയിക്കുകയും തിരുത്താൻ സമയം നൽകണമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ആവശ്യപ്പെടുകയും ചെയ്‌തു.
സിഐഡി രജിസ്റ്റർ ചെയ്‌ത രണ്ടാമത്തെ എഫ്ഐആറുമായി ബന്ധപ്പെട്ട് പ്രജ്വൽ രേവണ്ണയെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തിട്ടില്ല. ഹർജി പരിഗണിക്കുന്നതിന്‍റെ മെറിറ്റ് സംബന്ധിച്ച് ഓഫിസ് എതിർപ്പ് ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പറഞ്ഞു. സിഐഡി രജിസ്റ്റർ ചെയ്‌ത എഫ്ഐആറിൽ മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. കൂടാതെ, ഇക്കാര്യത്തിൽ സർക്കാർ എതിർപ്പ് അറിയിക്കണമെന്നും പറഞ്ഞ് വാദം കേൾക്കൽ മാറ്റിവച്ചു.
ബലാത്സംഗക്കുറ്റം ചുമത്തി ഹോളനരസിപൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിൽ പ്രജ്വൽ രേവണ്ണ ഇപ്പോൾ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. ഇതേ ആരോപണവുമായി ബന്ധപ്പെട്ട് സിഐഡി അടുത്തിടെ രണ്ടാമത്തെ എഫ്ഐആർ ഫയൽ ചെയ്‌തിട്ടുണ്ട്. ഈ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. അതിനാൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചു. ഹോളനരസിപൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത എഫ്ഐആർ സംബന്ധിച്ച് പ്രതിയായ പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യം നിഷേധിക്കാൻ ജനപ്രതിനിധികളുടെ പ്രത്യേക കോടതി 2024 ജൂൺ 26ന് ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് ജാമ്യം തേടി ഹൈക്കോടതിയിൽ അദ്ദേഹം ഹർജി നൽകിയത്.