മധുര : പഴനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിൽ അഹിന്ദുക്കള്‍ക്ക് നിലനിന്ന വിലക്ക് ശരിവച്ച് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ക്ഷേത്രം വിനോദസഞ്ചാരത്തിനുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കൊടിമരത്തിന് അപ്പുറത്തേക്ക് അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലെന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അഹിന്ദുക്കള്‍ക്കുള്ള വിലക്ക് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പഴനി സ്വദേശി സെന്തിൽ കുമാർ സമർപ്പിച്ച ഹർജിയില്‍ ജസ്‌റ്റിസ് എസ്. ശ്രീമതിയാണ് വിധിപറഞ്ഞത് (HC Directs Restricting Non Hindus in Temples).
ക്ഷേത്രങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 15 ന്‍റെ പരിധിയിൽ വരുന്നില്ലെന്ന് ഉത്തരവില്‍ കോടതി ഊന്നിപ്പറഞ്ഞു. വിനോദസഞ്ചാരികൾക്കുള്ള ടിക്കറ്റെടുത്ത് വരുന്നവരെ ക്ഷേത്രത്തിലെ കൊടിമരത്തിന് സമീപം വരെ മാത്രമേ അനുവദിക്കാൻപാടുള്ളൂ. ക്ഷേത്രത്തിലെ വാസ്‌തുശില്‍പ ചാരുതയില്‍ ആകൃഷ്‌ടരായി വരുന്നവരാണെങ്കില്‍ പോലും അഹിന്ദുക്കളെ ക്ഷേത്രത്തിനുള്ളില്‍ അനുവദിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
മുരുക ഭക്തരിൽ ഹിന്ദുക്കൾ മാത്രമല്ല, അഹിന്ദുക്കളുമുണ്ടാകുമെന്നും അതിനാൽ അവരുടെ പ്രവേശനം പൂർണമായും നിരോധിക്കാൻ പാടില്ലെന്നും എതിർ സത്യവാങ്മൂലത്തിൽ തമിഴ്‌നാട് സർക്കാർ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ ക്ഷേത്ര പ്രവേശന നിയമപ്രകാരം ശ്രീകോവിൽ മാത്രമാണ് ആരാധനയ്‌ക്കുള്ള സ്ഥലമെന്നും ബാക്കി ഭാഗത്ത് അഹിന്ദുക്കളുടെ പ്രവേശനം നിരോധിക്കാൻ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ മുരുക വിശ്വാസികള്‍ക്ക് അവര്‍ അഹിന്ദുക്കളാണെങ്കിലും പ്രവേശനം നല്‍കണമെന്ന് കോടതി വ്യക്‌തമാക്കി. ഇത്തരക്കാര്‍ മുരുകനിൽ വിശ്വസിച്ച് ദർശനത്തിന് എത്തിയതാണെന്ന സത്യവാങ്മൂലം സമര്‍പ്പിക്കണം. സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം ഇതര മതസ്ഥർക്ക് ദർശനം അനുവദിക്കാമെന്നും ഇതിനായി ക്ഷേത്രത്തിൽ പ്രത്യേക രജിസ്‌റ്റർ സൂക്ഷിക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
Also Read: 'ക്ഷേത്രങ്ങളുടെ പവിത്രത സംരക്ഷിക്കണം'; അമ്പലപരിസരങ്ങളില്‍ മൊബൈല്‍ഫോണ്‍ വിലക്കി മദ്രാസ് ഹൈക്കോടതി
തമിഴ്‌നാട് ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് (എച്ച്ആര്‍ ആന്‍ഡ് സിഇ) വകുപ്പ് കമ്മീഷണര്‍, പഴനി ക്ഷേത്രത്തിലെ എക്സിക്യുട്ടീവ് ഓഫീസര്‍ എന്നിവരാണ് എതിര്‍ കക്ഷികളായി ഹാജരായത്. എച്ച് ആര്‍ ആന്‍ഡ് സിഇ വകുപ്പാണ് തമിഴ്‌നാട്ടിലെ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം നടത്തുന്നത്.