ചണ്ഡീഗഢ്: ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ അധ്യക്ഷന്‍ നഫെ സിങ് റാത്തേയുടെ കൊലപാതകം സിബിഐ അന്വേഷിക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്. സംസ്ഥാന നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്നലെയാണ് ഡല്‍ഹിക്കടുത്തെ ബഹദൂര്‍ ഘറില്‍ വെച്ച് റാത്തേ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നു എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ശക്തമാക്കിയതോടെയാണ് കേസ് സിബിഐക്ക് വിടാന്‍ ആഭ്യന്തര മന്ത്രി തയാറായത്. സി.ബി.ഐ അന്വേഷണം കൊണ്ട് മാത്രമേ സഭ തൃപ്‌തിപ്പെടുകയുള്ളൂ എങ്കിൽ കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു എന്നാണ് വിജ് നിയമസഭയിൽ പറഞ്ഞത്.
റാത്തേയുടെ കൊലപാതകത്തിൽ ഹൈക്കോടതി ജഡ്‌ജിയോ ജഡ്‌ജിയുടെ മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെടുന്ന കോണ്‍ഗ്രസിന്‍റെ പ്രമേയം സ്‌പീക്കറും അംഗീകരിച്ചു. ചോദ്യോത്തര വേള കഴിഞ്ഞയുടൻ കോൺഗ്രസ് അംഗങ്ങൾ വിഷയം ഉന്നയിക്കുകയും ക്രമസമാധാനം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
Also Read:ഇന്ത്യൻ നാഷണൽ ലോക്‌ദൾ അധ്യക്ഷൻ നഫെ സിങ് റാത്തിയുടെ മരണം; പ്രതികരിച്ച് ബിജെപി നേതാവ് ജവഹർ യാദവ്