ചണ്ഡീഗഢ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ (ഒക്‌ടോബര്‍ 8). രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ആദ്യം പോസ്റ്റൽ ബാലറ്റുകളാകും എണ്ണിത്തുടങ്ങുക.
ഹരിയാനയിലെ 90 നിയമസഭ സീറ്റുകളിലേക്കും ശനിയാഴ്‌ചയാണ് (ഒക്‌ടോബര്‍ 6) വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ വോട്ടിങ് ശതമാനം 67.90 ആയി ഉയർന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ഇത് രണ്ടാം തവണയാണ് ഹരിയാനയിൽ കടുത്ത മത്സരത്തിന് സാക്ഷ്യം വഹിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി-കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ പാർട്ടികളും തങ്ങളുടെ മുഴുവൻ ശക്തിയും പ്രയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു.
തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള എക്‌സിറ്റ് പോൾ ഫലം ഹരിയാനയില്‍ അനുകൂലമായതിന്‍റെ ആവേശത്തിലാണ് കോൺഗ്രസ്. വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ മുതൽ വ്യക്തമായ ലീഡ് ഉറപ്പിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഹരിയാനയില്‍ കോൺഗ്രസിന്‍റെ ഉജ്ജ്വല തിരിച്ചുവരവാണ് ഭൂരിപക്ഷം ഏജൻസികളും പ്രവചിക്കുന്നത്. ഗുസ്‌തി താരങ്ങളുടെ പ്രതിഷേധങ്ങളും കര്‍ഷക സമരങ്ങളും ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
രണ്ടാം മോദി സർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ ഹരിയാനയിലെ കർഷകരും ശക്തമായി പ്രതിഷേധിച്ചിരുന്നു. കേന്ദ്രത്തിലെയും ഹരിയാനയിലെയും ബിജെപി സർക്കാരുകൾ കര്‍ഷകരെ പ്രശ്‌നങ്ങളെ അവഗണിച്ചിരുന്നു. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
ബിജെപിയോ, കോണ്‍ഗ്രസോ? ആര് അധികാരത്തില്‍ വരും? പ്രവചനം ഇങ്ങനെ
കഴിഞ്ഞ 10 വർഷമായി കേന്ദ്രത്തിനൊപ്പം ഹരിയാനയിലും ബിജെപി അധികാരത്തിലുണ്ട്. ഹരിയാന തെരഞ്ഞെടുപ്പിൽ വിജയിച്ച് ഹാട്രിക് നേടുകയെന്നത് നിലവില്‍ ബിജെപിക്ക് വലിയ വെല്ലുവിളിയാണ്. 2018ലെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 90 സീറ്റുകളില്‍ അധികാരത്തിലെത്താൻ ആവശ്യമായ 46 സീറ്റുകള്‍ നേടാൻ കഴിയാത്തതിനാല്‍ ജെജെപിയുമായി സഖ്യം ചേർന്ന് ഹരിയാനയിൽ ബിജെപി സർക്കാർ രൂപീകരിച്ചിരുന്നു, എന്നാൽ ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ബിജെപി ജെജെപിയുമായി പിരിഞ്ഞു, ഇരുവരും ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കാണ് മത്സരിച്ചത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജെജെപിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. ബിജെപിക്ക് 5 സീറ്റുകളും നഷ്‌ടപ്പെട്ടു. ഇതിന് പിന്നാലെ എഎസ്‌പിയുമായി സഖ്യത്തിലേര്‍പ്പെട്ടാണ് 2024 ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിനെ ജെജെപി നേരിട്ടത്. ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രധാനസഖ്യമായിരുന്ന ജെജെപി മുന്നണി വിട്ടത് നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തില്‍ തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹരിയാനയിൽ തൊഴിലില്ലായ്‌മ ഒരു വലിയ പ്രശ്‌നമായി ഉയർന്നു വന്നിരുന്നു. കോണ്‍ഗ്രസ്, ആംആദ്‌മി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാർട്ടികള്‍ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന വലിയ പ്രഖ്യാപനം നടത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പൊതുജനങ്ങൾക്ക് സൗജന്യ വൈദ്യുതി, വൈദ്യചികിത്സയും ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രകടന പത്രികയില്‍ വാഗ്‌ദാനം ചെയ്‌തു. ഇത്തവണ അധികാരം പിടിക്കുമെന്ന ആത്മിശ്വാസത്തില്‍ കോണ്‍ഗ്രസ് ഇരിക്കുമ്പോള്‍. ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും മൂന്നാമതും ഹരിയാനയില്‍ ബിജെപി അധികാരത്തില്‍ വരുമെന്നുമാണ് ബിജെപിയുടെ ദേശീയ നേതാക്കള്‍ അടക്കം അഭിപ്രായപ്പെടുന്നത്.
സുരക്ഷ വലയത്തില്‍ ഹരിയാന: വോട്ടെണ്ണലിനുള്ള മുഴുവന്‍ ഒരുക്കങ്ങളും ഇരു സംസ്ഥാനങ്ങളിലും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. 8 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ച് അരമണിക്കൂർ കഴിഞ്ഞാൻ ലീഡ് അറിയാൻ സാധിക്കും. തീവ്രവാദ ആക്രമണങ്ങൾ ഉൾപ്പെടെ സാധ്യതയുള്ളതിനാല്‍ വോട്ടെണ്ണൽ കേന്ദ്രങ്ങൾ കർശന സുരക്ഷ വലയത്തിലാണ്. കൂടുതൽ സേനയെയും വിവിധ ഇടങ്ങളിൽ വിന്യസിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹരിയാന, കശ്‌മീര്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാളെ (ഒക്‌ടോബര്‍ 8) ഇടിവി ഭാരത് നിങ്ങൾക്ക് ഏറ്റവും വേഗമേറിയതും കൃത്യവുമായ ഫലങ്ങൾ നൽകും.
Read Also: 'ഹരിയാനയില്‍ കോൺഗ്രസിനെ അധികാരത്തിലേറ്റാന്‍ ജനങ്ങൾ എന്നേ തീരുമാനിച്ച് കഴിഞ്ഞു': ഭൂപീന്ദർ ഹൂഡ