ന്യൂഡല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം മുഴുവന്‍ കോണ്‍ഗ്രസ് തങ്ങളുടെ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് മേല്‍ ചുമത്തുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി. 295 സീറ്റുകള്‍ ലഭിക്കുമെന്ന മൂഢസ്വര്‍ഗത്തിലാണ് ഇന്ത്യ സഖ്യമെന്നും സിങ്ങ് പറഞ്ഞു.
ജൂണ്‍ നാലിന് യഥാര്‍ത്ഥ ഫലം പുറത്ത് വരുമ്പോള്‍ രാഹുല്‍ജി യൂറോപ്പിലേക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്‍റി ഹിറ്റായി. അത് കൊണ്ട് തന്നെ അവരുടെ സംഖ്യകള്‍ ഒക്കെ പാഴാകും. ഖാര്‍ഗെയുടെ മേല്‍ എല്ലാ ഉത്തരവാദിത്തവും ആരോപിച്ച് അദ്ദേഹത്തെ അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ കേന്ദ്രത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരം പിടിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ കഴിഞ്ഞ ദിവസം പ്രവചിച്ചിരിക്കുന്നത്. 2019ലെ 352 സീറ്റ് എന്ന കക്ഷി നില എന്‍ഡിഎ മെച്ചപ്പെടുത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. ബിജെപിയുടെ 303 എന്ന സംഖ്യയിലും വര്‍ദ്ധനയുണ്ടാകുമെന്ന് എക്‌സിറ്റ് പോള്‍ഫലങ്ങള്‍ വ്യക്തമാക്കുന്നു.
2019 ല്‍ 2014 നെക്കാള്‍ നില മെച്ചപ്പെടുത്താന്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് കഴിഞ്ഞിരുന്നു. ഇക്കുറി ഇതിലും മെച്ചപ്പെട്ട പ്രകടനമാകും എന്‍ഡിഎ നടത്തുക എന്നാണ് എക്‌സിറ്റ് പോള്‍ വിലയിരുത്തലുകള്‍. ഇന്ത്യ സഖ്യത്തിന് വ്യത്യസ്‌ത സീറ്റ് നിലയാണ് വിവിധ ഏജന്‍സികള്‍ പ്രവചിച്ചിരിക്കുന്നത്. അതേസമയം 2019നെക്കാള്‍ മികച്ച പ്രകടനമാകുമെന്ന വിലയിരുത്തലുമുണ്ട്.
ഇന്ത്യ സഖ്യം 295ലേറെ സീറ്റുകള്‍ നേടുമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സഖ്യത്തിന്‍റെ പ്രധാനമന്ത്രിയെ ജൂണ്‍ നാലിന് നിശ്ചയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് 220 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ സഖ്യത്തിന് 235 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വരും.
കഴിഞ്ഞ ദിവസം ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തിന് ശേഷം തങ്ങള്‍ 295ലേറെ സീറ്റുകള്‍ നേടുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതികരിച്ചത്.
Also Read: പുറത്ത് വന്നത് എക്‌സിറ്റ് പോളല്ല, മോദി മീഡിയ പോൾ': പരിഹസിച്ച് രാഹുല്‍ ഗാന്ധി