ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്‌ജിദില്‍ കണ്ടെത്തിയ ശിവലിംഗത്തെ കുറിച്ച് ശാസ്‌ത്രീയ പഠനം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ഡയറക്‌ടര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദു വിഭാഗം സുപ്രീംകോടതിയെ സമീപിച്ചു. ശിവലിംഗം കണ്ടെത്തിയ സ്ഥലത്ത് ഖനനം നടത്തി ശാസ്‌ത്രീയ പരിശോധനകള്‍ നടത്തണമെന്നും ഹര്‍ജിയില്‍ ഹിന്ദു വിഭാഗം ആവശ്യപ്പെട്ടു. തിങ്കളാഴ്‌ചയാണ് (ജനുവരി 29) സംഘം സുപ്രീംകോടതിയെ സമീപിച്ചത്.
സ്ഥലത്ത് പരിശോധനകള്‍ നടത്തി വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി എഎസ്‌ഐ ഡയറക്‌ടര്‍ക്ക് നിര്‍ദേശം നല്‍കണം. ശിവലിംഗത്തിന് ചുറ്റും കൃത്രിമ ഭിത്തികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അവ യഥാര്‍ഥ കെട്ടിടവുമായി ബന്ധമില്ലാത്തതാണെന്നും ഇതേ കുറിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും ഹിന്ദു വിഭാഗം ഹര്‍ജിയില്‍ പറയുന്നു. പീഠം, പീഠിക തുടങ്ങി ശിവലിംഗവുമായി ബന്ധപ്പെട്ട യഥാര്‍ഥ സവിശേഷതകള്‍ ഇല്ലാതാക്കാനാണ് സ്ഥലത്ത് ആധുനിക നിര്‍മാണം നടത്തിയതാണ്.
2022 മെയ് 16ന് കണ്ടെത്തിയ ശിവലിംഗം ഹിന്ദുക്കള്‍ക്കും ശിവഭക്തര്‍ക്കും ആരാധന വസ്‌തുവാണ്. അത് ദര്‍ശിക്കാനും പൂജ നടത്താനും എല്ലാവര്‍ക്കും അവകാശമുണ്ട്. ശിലവിംഗം കണ്ടെത്തിയ സ്ഥലം ഒഴികെ മസ്‌ജിദിന്‍റെ മറ്റ് ഭാഗങ്ങളിലെല്ലാം ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ പരിശോധന നടത്തിയിട്ടുണ്ട്. എന്നാല്‍ ശിവലിംഗം കണ്ടെത്തിയ സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും അല്ലാത്തപക്ഷം എഎസ്‌ഐ ഇതുവരെ നടത്തിയ സര്‍വെ വിഫലമാകുമെന്നും ഹിന്ദു വിഭാഗം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ട് പുറത്ത് വിട്ട് എഎസ്‌ഐ: ജനുവരി 25നാണ് ഗ്യാന്‍വാപി മസ്‌ജിദിലെ സര്‍വെ റിപ്പോര്‍ട്ട് എഎസ്‌ഐ പുറത്ത് വിട്ടത്. റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് മുസ്‌ലീം-ഹിന്ദു വിഭാഗം അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. മസ്‌ജിദ് സ്ഥിതി ചെയ്യുന്നത് നേരത്തെ ക്ഷേത്രം നിലനിന്നിരുന്ന സ്ഥാനത്താണെന്നാണ് എഎസ്‌ഐയുടെ സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മണ്ണിനടിയില്‍ നിന്നും ക്ഷേത്രത്തിന്‍റേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള തൂണുകളുടെ അവശിഷ്‌ടങ്ങളും ഹിന്ദു ദേവതകളുടെ പ്രതിമകളും കണ്ടെത്തിയെന്നും എഎസ്‌ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. വാരാണസി ജില്ല കോടതിയുടെ നിര്‍ദേശ പ്രകാരമാണ് എഎസ്‌ഐ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ജൂലൈയില്‍ നടന്ന സര്‍വെയുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ജൂലൈയില്‍ നടന്ന സര്‍വെയുടെ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ഡിസംബറിലാണ് എഎസ്‌ഐ വാരാണസി ജില്ല കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുമ്പോള്‍ തന്നെ അത് ഉടന്‍ പുറത്ത് വിടരുതെന്നും എഎസ്‌ഐ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിന്‍റെ ക്രമസമാധാന നില തകരുമെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിന് എഎസ്‌ഐ അതൃപ്‌തി അറിയിച്ചത്. എഎസ്‌ഐ അപേക്ഷ സ്വീകരിച്ച കോടതി മാസങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ ഡയറക്‌ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം എഎസ്‌ഐ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത്.