ന്യൂഡൽഹി: 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്‍റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഇടപെടണമെന്ന് ഗ്യാന്‍വാപി പള്ളി മാനേജിങ് കമ്മിറ്റി. 1991-ലെ ആരാധനാലയ സംരക്ഷണ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് നിയമത്തിന്‍റെ സാധുത ചോദ്യം ചെയ്യുന്ന ഹർജിക്കാരൻ പറയുന്നതിന്‍റെ അനന്തര ഫലങ്ങൾ ഗുരുതരമായിരിക്കുമെന്ന് മാനേജിങ് കമ്മിറ്റി ചൂണ്ടിക്കാട്ടി.
1947 ഓഗസ്‌റ്റ് 15ന് ഇന്ത്യ സ്വാതന്ത്രമാകുമ്പോള്‍ ആരാധനാലയങ്ങള്‍ക്കുണ്ടായിരുന്ന സ്വഭാവം എന്താണോ അത് അതേപടി നിലനിർത്തണമെന്നും ഏതെങ്കിലും ആരാധനാലയത്തിന്‍റെ മത പരിവർത്തനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വരുത്തുന്ന മാറ്റമോ നിരോധിച്ചതായും വ്യവസ്ഥ ചെയ്യുന്നതാണ് 1991ലെ ആരാധനാലയ സംരക്ഷണ നിയമം. ആക്‌ടിന്‍റെ മൂന്നാം വകുപ്പ് പ്രകാരം, ഏതെങ്കിലും ഒരു മത വിഭാഗത്തിന്‍റെ ആരാധനാലയത്തെ പൂർണ്ണമായോ ഭാഗികമായോ മറ്റൊരു മതവിഭാഗത്തിന്‍റെയോ അല്ലെങ്കിൽ ഒരേ മത വിഭാഗത്തിന്‍റെ മറ്റ് വിഭാഗങ്ങളുടെയോ ആരാധനാലയമാക്കി മാറ്റുന്നതിന് നിരോധനമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഉത്തർപ്രദേശിലെ സംഭാലിൽ അടുത്തിടെ നടന്ന സംഭവത്തെ കൂടെ ഉദ്ധരിച്ചാണ് ഗ്യാന്‍വാപി മാനേജിങ് കമ്മിറ്റി അപേക്ഷ സമർപ്പിച്ചത്. കേസ് സമർപ്പിച്ച ദിവസം തന്നെ സർവേ കമ്മീഷണറെ നിയമിച്ച് ഷാഹി ജുമാ മസ്ജിദിന്‍റെ സർവേയ്ക്ക് കോടതി അനുമതി നൽകിയ സംഭവം അപേക്ഷയില്‍ മാനേജിങ് കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഹരജിക്കാരൻ ആവശ്യപ്പെടുന്ന പ്രഖ്യാപനം രാജ്യത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും ഇത്തരം തർക്കങ്ങൾ തലപൊക്കാന്‍ ഇടയാക്കുമെന്നും ആത്യന്തികമായി നിയമവാഴ്ചയും സാമുദായിക സൗഹാർദ്ദവും ഇല്ലാതാക്കുകയും ചെയ്യുമെന്നും അപേക്ഷയില്‍ പറയുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ മസ്‌ജിദുകൾ, ദർഗകൾ പുരാതന ക്ഷേത്രങ്ങളാണെന്ന് അവകാശപ്പെടുന്ന നിരവധി അവകാശവാദങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ഗ്യാന്‍വാപി പള്ളി ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാൽ ആരാധനാലയ സംരക്ഷണ നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ കമ്മിറ്റി നിർണായക പങ്കാളിയാണെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
1991ലെ നിയമം ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും പള്ളികൾക്കെതിരെയുള്ള കേസുകൾ വഴി തുരങ്കംവെക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേസിൽ ഇടപെടാൻ നിർബന്ധിതരായതെന്ന് കമ്മിറ്റി വ്യക്തമാക്കി. കാതലായ പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിന് മുമ്പ് തന്നെ കോടതികള്‍ പള്ളികളുടെ സർവേ നടത്താന്‍ ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കുകയാണെന്ന് കമ്മിറ്റി പറഞ്ഞു.
നിയമത്തിന്‍റെ സാധുത സംരക്ഷിക്കാൻ രാമജന്മഭൂമി കേസിലെ സുപ്രീം കോടതി വിധിയെയാണ് സമിതി ആശ്രയിക്കുന്നത് എന്നും അപേക്ഷയില്‍ പറയുന്നു. 1991ലെ ആരാധനാലയങ്ങൾ (പ്രത്യേക വ്യവസ്ഥകൾ) നിയമത്തെ ചോദ്യം ചെയ്‌തുകൊണ്ട് ഒരു കൂട്ടം ഹര്‍ജികൾ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
2021 മാർച്ചിൽ ഈ നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ മറുപടി ആവശ്യപ്പെട്ട് സുപ്രീം കോടതി ആദ്യം കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. തുടർന്ന്, ബന്ധപ്പെട്ട നിരവധി ഹർജികളിലും അപേക്ഷകളിലും സുപ്രീം കോടതി നോട്ടീസ് പുറപ്പെടുവിക്കുകയും എല്ലാ കേസുകളും ഒന്നിച്ച് കേള്‍ക്കാന്‍ മാറ്റിവെക്കുകയുമായിരുന്നു.
Also Read: ബാബറി മസ്‌ജിദ് തകര്‍പ്പെട്ടതിന്‍റെ വാര്‍ഷികം: അയോധ്യയില്‍ അതീവ സുരക്ഷ