ന്യൂഡൽഹി: ഗ്യാന്‍വാപിയില്‍ ഹിന്ദു ഭക്തർക്ക് ആരാധന നടത്താൻ അനുമതി നല്‍കിയ വാരാണസി കോടതി വിധിക്കെതിരെ മസ്‌ജിദ് കമ്മിറ്റി. ജില്ല ജഡ്‌ജിയുടെ ഉത്തരവിനെതിരെ ഗ്യാന്‍വാപി മസ്‌ജിദ് കമ്മിറ്റി നൽകിയ ഹർജി അടിയന്തരമായി കേൾക്കാൻ സുപ്രീം കോടതി വിസമ്മതിക്കുകയും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തിരുന്നു.
ആരാധനയ്‌ക്ക് അനുമതി നല്‍കി കൊണ്ടുള്ള കോടതിയുടെ ഉത്തരവ് സ്റ്റേ ചെയണമെന്നാവശ്യപ്പെട്ടാണ് അഞ്ജുമാൻ ഇന്‍റസാമിയ മസ്‌ജിദ് കമ്മിറ്റി ഓഫ് മാനേജ്‌മെന്‍റാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം.
അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് മസ്‌ജിദ് കമ്മിറ്റിയുടെ അഭിഭാഷകർ സുപ്രീം കോടതി രജിസ്ട്രാറെയും സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടതായി രജിസ്ട്രാർ മസ്‌ജിദ് കമ്മിറ്റിയുടെ അഭിഭാഷകനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് (01-02-2024 ) മസ്‌ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.
പള്ളിയില്‍ ആരാധന നടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ ഏഴ് ദിവസത്തെ സമയം വാരാണസി കോടതി നല്‍കിയിരുന്നെങ്കിലും ഉത്തരവിന് തൊട്ടുപിന്നാലെ പൂജകള്‍ തുടങ്ങിയിരുന്നു. ഹിന്ദു പ്രവർത്തകർ പള്ളിയുടെ ബോര്‍ഡില്‍ ഗ്യാന്‍വാപി മസ്‌ജിദ് എന്നത് മായ്ച്ച് ഗ്യാന്‍വാപി മന്ദിർ എന്ന് എഴുതിയതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
ജനുവരി 25 ന് വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയുടെ എഎസ്ഐ സർവേ റിപ്പോർട്ട് പരസ്യമാക്കിയത് പുതിയ വിവാദത്തിന് തുടക്കമിട്ടിരുന്നു. മസ്‌ജിദ് സമുച്ചയത്തിനുള്ളില്‍ ഹിന്ദു ദേവതകളുടെ പ്രതിമകളുടേയും മറ്റ് പ്രതിമകളുടേയും ചിത്രങ്ങള്‍ റിപ്പോർട്ടിൽ അച്ചടിച്ചിട്ടുണ്ട്. നിലവിലുള്ള പള്ളി നിർമ്മിക്കുന്നതിന് മുമ്പ് ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പറയാമെന്നാണ് എഎസ്ഐ റിപ്പോർട്ട് നിഗമനം.