വാരണാസി: ഗ്യാന്‍വാപി കേസില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സീല്‍ ചെയ്‌ത് സൂക്ഷിച്ചിരിക്കുന്ന റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും അതിന്‍റെ ഹാർഡ് കോപ്പി ഇരുഭാഗത്തും നൽകണമെന്നും വാരാണസി ജില്ലാ കോടതി ആവശ്യപ്പെട്ടു (Gyanvapi Case ASI Survey Report).
ഇതേത്തുടർന്ന്, കോടതി ഇരുപക്ഷവും കേട്ടെന്നും എഎസ്‌ഐയുടെ റിപ്പോർട്ടിന്‍റെ ഹാർഡ് കോപ്പി ഇരുവിഭാഗത്തിനും നൽകാമെന്ന തീരുമാനത്തിലെത്തിയതായും ഹിന്ദു പക്ഷത്തുനിന്നുള്ള അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു. ഇമെയിൽ വഴി റിപ്പോർട്ട് നൽകുന്നതിനെ എഎസ്ഐ എതിർത്തതായും അതിനാൽ, റിപ്പോർട്ടിന്‍റെ ഹാർഡ് കോപ്പി സ്വീകരിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായും കോടതി ഉത്തരവ് വന്നാലുടൻ നിയമസംഘം സാക്ഷ്യപ്പെടുത്തിയ പകർപ്പിന് അപേക്ഷിക്കുമെന്നും ജെയിൻ കൂട്ടിച്ചേർത്തു.
റിപ്പോർട്ട് തങ്ങളുടെ പക്കൽ സൂക്ഷിക്കാൻ കക്ഷികൾ സത്യവാങ്മൂലം നൽകണമെന്നും റിപ്പോർട്ട് ലഭിച്ച ശേഷം അത് പരസ്യമാക്കരുതെന്നും കോടതി പറഞ്ഞു. എന്നാൽ, നാലുമണിക്ക് ശേഷം റിപ്പോർട്ട് ലഭ്യമാക്കാനാകുമെന്ന് അഭിഭാഷകൻ മദൻ മോഹൻ യാദവ് സ്ഥിരീകരിച്ച് ജില്ലാ ജഡ്‌ജി എ കെ വിശ്വേഷ് ഉത്തരവിട്ടു. സർവേ റിപ്പോർട്ട് കക്ഷികളുടെ പക്കലായിരിക്കണമെന്നും പരസ്യപ്പെടുത്തരുതെന്നും മുസ്ലീം പക്ഷം കോടതിയിൽ അപേക്ഷിച്ചിരുന്നു.
കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപിയുടെ പരിസരത്ത് ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായിരുന്നു. ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണോ പള്ളി പണിഞ്ഞിരിക്കുന്നത് എന്ന് പരിശോധിക്കാനാണ് പരിശോധന നടത്തിയത്.
വാരണാസിയിലെ ഇപ്പോഴത്തെ മുസ്ലീം പള്ളി പൊളിച്ച് മാറ്റി ക്ഷേത്രം സ്ഥാപിക്കണമെന്ന ഹര്‍ജിയെ ചോദ്യം ചെയ്‌ത് മുസ്ലീങ്ങളുടെ ഭാഗത്ത് നിന്ന് സമര്‍പ്പിച്ച നിരവധി ഹര്‍ജികള്‍ കഴിഞ്ഞമാസം 19 ന് അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ദേശീയ പ്രാധാന്യമുള്ള ഈ കേസില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നും കീഴ്‌കോടതിയോട് അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ആറ്മാസത്തിനകം എങ്കിലും കേസ് തീര്‍പ്പാക്കണമെന്നാണ് നിര്‍ദേശം. വേണമെങ്കില്‍ എഎസ്ഐയോട് പുതിയൊരു പരിശോധനയും നിര്‍ദേശിക്കാവുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നേരത്തെ നിലവിലുണ്ടായിരുന്ന ക്ഷേത്രത്തിന് മുകളിലാണ് പതിനേഴാം നൂറ്റാണ്ടില്‍ പള്ളി പണിതതെന്ന ഹര്‍ജിയിലാണ് പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നത്.
കാശി വിശ്വനാഥ് ക്ഷേത്രത്തിനോട് ചേർന്നാണ് ഗ്യാൻവാപി പള്ളി സ്ഥിതിചെയ്യുന്നത്. ഇവിടെ നിത്യാരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു സ്‌ത്രീകള്‍ കോടതിയെ സമീപിച്ചത്. ആദ്യം സിവിൽ കോടതിയില്‍ എത്തിയ ഹർജി പിന്നീട് സുപ്രീം കോടതി ഇടപെട്ടതിനെ തുടര്‍ന്ന് വാരണാസി ജില്ല കോടതിയിലേക്ക് വിടുകയായിരുന്നു.