ന്യൂഡൽഹി: മുസ്ലീം സമുദായത്തിൽപ്പെട്ട അഞ്ച് പേരെ പരസ്യമായി ചാട്ടവാറിനടിച്ചതിന് ഗുജറാത്ത് പൊലീസിനെ ശാസിച്ച് സുപ്രീം കോടതി. 2022 ജനുവരി 23 നായിരുന്നു കേസിനാസ്‌പദമായ സംഭവം. 2023 ഒക്‌ടോബർ 19 ന് ഹൈക്കോടതി നാല് പൊലീസുകാരെയും കോടതിയലക്ഷ്യത്തിന് കുറ്റക്കാരാണെന്ന് കണ്ടെത്തി, ശിക്ഷയായി 14 ദിവസം ജയിലിൽ കിടക്കാൻ ഉത്തരവിട്ടു.
ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഇൻസ്പെക്‌ടർ എ വി പർമർ, സബ് ഇൻസ്പെക്‌ടർ ഡി ബി കുമാവത്, ഹെഡ് കോൺസ്റ്റബിൾ കെ എൽ ദാഭി, കോൺസ്റ്റബിൾ ആർ ആർ ദാഭി എന്നിവർ നൽകിയ അപ്പീൽ ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു. സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചതിനാണ് 14 ദിവസത്തെ തടവ് കോടതി വിധിച്ചത്.
ഉത്തരവ് ലഭിച്ച് 10 ദിവസത്തിനകം കോടതിയിലെ ജുഡീഷ്യൽ രജിസ്ട്രാർ മുമ്പാകെ ഹാജരാകാൻ പൊലീസുകാരോട് നിർദ്ദേശിച്ചു. വിധിക്കെതിരെ അപ്പീൽ നൽകാൻ പ്രാപ്‌തരാക്കുന്നതിനായി മൂന്ന് മാസത്തേക്ക് ശിക്ഷ സ്റ്റേ ചെയ്‌തു. ബന്ധപ്പെട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, സംഭവത്തിന്‍റെ വീഡിയോകൾ വൈറലായതിനെക്കുറിച്ചുള്ള അന്വേഷണത്തിന് ശേഷം പൊലീസുകാരെ തിരിച്ചറിഞ്ഞിരുന്നു. സിജെഎമ്മും ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
സുപ്രീം കോടതി മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് ഹൈക്കോടതി ഇവർക്കെതിരെ കോടതിയലക്ഷ്യ കുറ്റം ചുമത്തിയത്. ഒരു പ്രതിയെ അറസ്റ്റ് ചെയ്യുമ്പോഴും കസ്റ്റഡിയിൽ എടുക്കുമ്പോഴും ചോദ്യം ചെയ്യുമ്പോഴും പൊലീസ് എങ്ങനെ പെരുമാറണം, കസ്റ്റഡിയിൽ അവർക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ എന്നിവയെക്കുറിച്ച് സമഗ്രമായ മാർഗനിർദ്ദേശങ്ങൾ നല്‍കി.
കുറ്റാരോപിതരായ പൊലീസുകാർ അഞ്ച് മുസ്ലീങ്ങളെ വടികൊണ്ട് തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. 2022 ഒക്‌ടോബറിൽ നവരാത്രി ഉത്സവത്തിനിടെ ഖേഡ ജില്ലയിലെ ഉന്‍ധേല ഗ്രാമത്തിൽ നടന്ന ഗർബ പരിപാടിക്ക് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ച് പിടികൂടിയ 13 പേരിൽ ഈ അഞ്ചുപേരും ഉൾപ്പെടുന്നതായാണ് ആരോപണം. ചില ഗ്രാമീണർക്കും പൊലീസുകാർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
പിന്നീട്, സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ച് പൊലീസ് ഉദ്യോഗസ്ഥർ കോടതിയലക്ഷ്യം നടത്തിയെന്ന് ആരോപിച്ച് പ്രധാന പരാതിക്കാരിയായ ജാഹിർമിയ മാലെക്ക് ഉൾപ്പെടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 13 പൊലീസുകാരെയാണ് കേസിൽ ആദ്യം പ്രതികളാക്കിയത്. എന്നാൽ, അന്വേഷണത്തിന് ശേഷം ഇവരിൽ നാല് പേരുടെ പങ്ക് മാത്രമാണ് സിജെഎമ്മിന്‍റെ റിപ്പോർട്ടിൽ വ്യക്തമാക്കിയത്.