ന്യൂഡല്‍ഹി: രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനും പിഴ കൃത്യമായി ഈടാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും മറ്റ് നൂതന മാർഗങ്ങളും ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി.
ഈ കാലഘട്ടത്തില്‍ നൂതന എഞ്ചിനീയറിങ്, നിയമ നിർവ്വഹണം, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) പോലുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ എന്നിവ സമന്വയിപ്പിക്കാതെ റോഡ് സുരക്ഷ കൈവരിക്കാനാകില്ലെന്ന് ഗഡ്‌കരി വ്യക്തമാക്കി. 12-ാമത് ട്രാഫിക് ഇൻഫ്രാടെക് എക്‌സ്‌പോയെ അഭിസംബോധന ചെയ്യവെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
ട്രാഫിക് നിയമങ്ങള്‍ നിരീക്ഷിക്കാൻ അത്യാധുനിക ക്യാമറകൾ അടക്കമുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ അദ്ദേഹം പ്രശംസിച്ചു. ക്യാമറകള്‍ നിര്‍മിക്കുന്നത് ഏത് കമ്പനികള്‍ ആയാലും നിലവാരത്തിന്‍റെയും പ്രവര്‍ത്തനക്ഷമതയുടെയും കാര്യത്തില്‍ യാതൊരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്നും ഗഡ്‌കരി വ്യക്തമാക്കി. സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കാൻ നൂതന സാങ്കേതികവിദ്യകളുള്ള ചെറുകിട സ്ഥാപനങ്ങളെ മന്ത്രി പ്രോത്സാഹിപ്പിച്ചു.
📍𝑵𝒆𝒘 𝑫𝒆𝒍𝒉𝒊 | Addressing 12th edition of the Traffic InfraTech Expo
— Nitin Gadkari (@nitin_gadkari) October 24, 2024
https://t.co/7197Iz6qmp
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചൂഷണം ചെയ്യാതെ കുറഞ്ഞ ചെലവില്‍ സാങ്കേതിക വിദ്യകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ മുന്നോട്ട് വരണം. മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇന്ത്യക്ക് സുതാര്യത കൈവരിക്കാനും ചെലവ് കുറയ്ക്കാനും റോഡ് സുരക്ഷ വർധിപ്പിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഗതാഗത മന്ത്രാലയത്തില്‍ അത്യാധുനിത സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനും കൈകാര്യം ചെയ്യാനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച മന്ത്രി വിദഗ്‌ധ സ്‌റ്റാർട്ടപ്പുകളിൽ നിന്നും വ്യവസായ പ്രമുഖരിൽ നിന്നും നിർദേശങ്ങൾ വിലയിരുത്തുമെന്നും, മികച്ച ആശയങ്ങൾ നടപ്പിലാക്കുമെന്നും വ്യക്തമാക്കി.
ടോൾ പിരിവിൽ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുന്ന സാറ്റലൈറ്റ് ടോൾ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി ടോൾ പിരിവ് രീതികൾ നവീകരിക്കുന്നതിനുള്ള പദ്ധതികളും മന്ത്രി വിശദീകരിച്ചു. രാജ്യത്തെ അടിയന്തര റോഡ് സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ, സ്വകാര്യ മേഖല, സ്‌റ്റാർട്ടപ്പുകൾ തുടങ്ങിയവരോട് സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ഗഡ്‌കരി ആവശ്യപ്പെട്ടു. രാജ്യത്തെ റോഡപകടങ്ങളുടെയും മരണങ്ങളെയും ഭീതിപ്പെടുത്തുന്ന കണക്കുകൾക്ക് അദ്ദേഹം പുറത്തുവിട്ടു.
രാജ്യത്ത് ഓരോ വർഷവും ഏകദേശം 5 ലക്ഷം അപകടങ്ങൾ സംഭവിക്കുന്നു, ഇത് നിരവധി മരണങ്ങൾക്ക് കാരണമാകുന്നു. മരണപ്പെടുന്നവരില്‍ പകുതിയിലധികം പേരും 18-36 വയസ് പ്രായമുള്ളവരാണ്. റോഡപകടങ്ങൾ മൂലമുള്ള സാമ്പത്തിക നഷ്‌ടം രാജ്യത്തിന്‍റെ ജിഡിപിയുടെ 3 ശതമാനമാണ്. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നത് സർക്കാരിന്‍റെ പ്രഥമ പരിഗണനയാണെന്നും ഈ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.
Read Also: അമേരിക്കയ്‌ക്കോ ചൈനയ്‌ക്കോ ഇന്ന് ഇന്ത്യയെ അവഗണിക്കാനാകില്ലെന്ന് നിര്‍മ്മല സീതാരാമന്‍