ഹൈദരാബാദ് : 100 കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ച തെലങ്കാനയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുരുക്കി അഴിമതി വിരുദ്ധ ബ്യൂറോ (ആന്‍റി കറക്ഷന്‍ ബ്യൂറോ). തെലങ്കാന റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (TSRERA) സെക്രട്ടറിയും മെട്രോ റെയില്‍ പ്ലാനിങ് ഓഫീസറുമായ എസ് ബാലകൃഷ്‌ണയാണ് കുടുങ്ങിയത്. നേരത്തെ ഇയാൾ ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്‍റ് അതോറിറ്റിയില്‍ ടൗൺ പ്ലാനിങ് ഡയറക്‌ടറായും പ്രവർത്തിച്ചിരുന്നു(S Balakrishna Corruption).
ഇന്നലെ (ബുധന്‍) ഇയാളുടെ വീട്ടിലും അനുബന്ധ സ്ഥലങ്ങളിലും നടത്തിയ റെയ്‌ഡിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. 14 സംഘങ്ങളായി തിരിഞ്ഞാണ് എസിബി റെയ്‌ഡ് നടത്തിയത്. ബാലകൃഷ്‌ണയുടെയും ബന്ധുക്കളുടെയും വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്‌ഡ് നടന്നത്. ഇന്നലെ മുഴുവന്‍ തുടര്‍ന്ന പരിശോധനയില്‍ 100 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.
റെയ്‌ഡില്‍ ഏകദേശം 40 ലക്ഷത്തോളം രൂപ, രണ്ട് കിലോ സ്വർണം, വിലകൂടിയ 60 വാച്ചുകൾ, 14 മൊബൈൽ ഫോണുകൾ, 10 ലാപ്‌ടോപ്പുകൾ, സ്ഥാവര ജംഗമ സ്വത്തുക്കളുടെ രേഖകൾ എന്നിവ ഇതിനോടകം പിടിച്ചെടുത്തിട്ടുണ്ട്.
ഇന്നും പരിശോധന തുടരുമെന്നാണ് റിപ്പോര്‍ട്ട്. ബാലകൃഷ്‌ണയുടെ ബാങ്ക് ലോക്കറുകൾ ഇതുവരെ തുറന്നിട്ടില്ല. ഇത് തുറക്കാനായാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചേക്കും. നാലോളം ബാങ്കുകളില്‍ ഇയാള്‍ക്ക് ലോക്കറുകളുള്ളതായി അഴിമതി വിരുദ്ധ ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വസതിയിൽ നിന്ന് പണം എണ്ണുന്ന യന്ത്രങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
Also Read: ടിഎംസി നേതാവിന്‍റെ വീട്ടിൽ റെയ്‌ഡ് നടത്താനെത്തിയ ഇഡി സംഘത്തിന് നേരെ ആക്രമണം
ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്‍റ് അതോറിറ്റിയില്‍ ടൗൺ പ്ലാനിങ് ഡയറക്‌ടറായിരുന്ന കാലയളവ് മുതൽ തന്നെ ഇയാൾ അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദനം വെളിപ്പെട്ട സാഹചര്യത്തിൽ സർക്കാർ ഇയാൾക്കെതിരെ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചേക്കും.