ഡൂഡിലിന് പ്രത്യേക തീം അവതരിപ്പിച്ചുകൊണ്ട് രാജ്യത്തിന്‍റെ സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി ഗൂഗിളും. ഇന്ത്യയിലെ വിവിധയിടങ്ങളിലെ പരമ്പരാഗത വാതിലുകളെ പ്രമേയമാക്കിയാക്കിയാണ് ഗൂഗിൾ പ്രത്യേക ഡൂഡിൽ തയ്യാറാക്കിയത്. കമ്പനിയുടെ പേരിലെ 'G', 'O', 'O', 'G', 'L', 'E' എന്നീ അക്ഷരങ്ങൾ ഓരോ വാതിലിലും വ്യത്യസ്‌തമായി ചിത്രീകരിച്ചുകൊണ്ടാണ് രാജ്യത്തിന്‍റെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഗൂഗിൾ പങ്കുചേർന്നത്.
രാജ്യത്തിന്‍റെ വിവിധയിടങ്ങളിലുള്ള വാസ്‌തുവിദ്യയ്ക്ക് ആദരവ് അർപ്പിച്ചുകൊണ്ടാണ് പരമ്പരാഗത വാതിലുകളെ പ്രമേയമാക്കിയത്. ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിന്‍റെ ഗൂഗിൾ ഡൂഡിൽ ചിത്രീകരിച്ചിരിക്കുന്നത് വൃന്ദ സവേരിയാണ്.
'രണ്ട് നൂറ്റാണ്ടുകൾ നീണ്ട അസമത്വത്തിനും അക്രമണങ്ങൾക്കും മൗലികാവകാശങ്ങളുടെ അഭാവത്തിനും ശേഷമാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നത്. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം സാധ്യമായത്. രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്ഥിരോത്സാഹത്തിനും ത്യാഗത്തിനും ഫലമുണ്ടായി. സ്വാതന്ത്ര്യദിനാശംസകൾ ഇന്ത്യ' ഇന്ന് ഗൂഗിൾ ഇന്ത്യയുടെ വെബ്‌സൈറ്റിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പ് ഇങ്ങനെ.