വിവാഹ ഘോഷയാത്രക്കിടെ വരന്‍റെ മുഖത്ത് ആസിഡൊഴിച്ച് മുൻ കാമുകി; സംഭവം ഉത്തർപ്രദേശിൽ - Acid attack on groom in UP - ACID ATTACK ON GROOM IN UP
വിവാഹ ഘോഷയാത്രയ്‌ക്കിടെ മുന്‍ കാമുനായ വരന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച പെണ്‍കുട്ടിയെ ബന്ധുക്കള്‍ മർദ്ദിക്കുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്‌തു.
Published : Apr 24, 2024, 7:52 PM IST
ലഖ്‌നൗ: ഉത്തർപ്രദേശിൽ വരന്‍റെ മുഖത്ത് ആസിഡൊഴിച്ച മുൻ കാമുകി അറസ്റ്റിൽ. ബല്ലിയ ജില്ലയിലെ ബൻസ്‌ദിഹ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. യുവാവ് വിവാഹ ഘോഷയാത്രയുമായി പോകുന്നതിനിടെയാണ് കാമുകി ആസിഡ് ഒഴിച്ചത്. ആസിഡ് അക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (ഏപ്രിൽ 23)യാണ് സംഭവം.
യുവാവും പെൺകുട്ടിയും തമ്മിൽ സൗഹൃദത്തിലായിരുന്നു. ഇരുവരുടെയും ബന്ധത്തിൽ ഇരു കുടുംബങ്ങളിൽ നിന്നും എതിർപ്പ് ഉയർന്നിരുന്നു. പിന്നീട് യുവാവ് ജോലിക്കായി പുറത്തു പോയിരുന്നു. ഇതിനിടെയാണ് മറ്റൊരു യുവതിയുമായി യുവാവിന്‍റെ വീട്ടുകാർ വിവാഹം നിശ്ചയിക്കുന്നത്.
ഇതിൽ ക്ഷുഭിതയായ മുൻ കാമുകി വിവാഹ ഘോഷയാത്രയ്‌ക്കിടെ യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. വിവാഹഘോഷയാത്രയിൽ പങ്കെടുക്കാനെന്ന രീതിയിലാണ് യുവതി എത്തിയത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. വരന്‍റെ ബന്ധുക്കൾ യുവതിയെ മർദ്ദിക്കുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്‌തു.
സംഭവത്തിൽ യുവതിക്കെതിരെ വരൻ പരാതി നൽകിയിട്ടുണ്ട്. യുവാവിന്‍റെ പരാതിയിൽ കേസെടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും ബൻസ്‌ദിഹ് പൊലീസ് സ്‌റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ അഖിലേഷ് ചന്ദ്ര പാണ്ഡെ പറഞ്ഞു.
Also Read: ആസിഡ് ആക്രമണം : കോട്ടയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു